ആശ്വാസം! യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരും; ചാർജ് ഈടാക്കില്ലെന്ന് കേന്ദ്രം

0
245

ന്യൂഡൽഹി: യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കാനുള്ള നീക്കത്തിൽനിന്ന് പിന്മാറി കേന്ദ്രം. ഗൂഗിൾ പേ, ഫോൺപേ അടക്കമുള്ള യു.പി.ഐ ഇടപാടുകൾ സൗജന്യമായി തുടരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം അറിയിച്ചു. മൊബൈൽ ഫോണിലൂടെയുള്ള പണമിടപാടുകൾക്ക് ഫീ ഈടാക്കാൻ നിർദേശിച്ചുകൊണ്ട് ആർ.ബി.ഐ ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കിയിരുന്നു.

പൊതുജനങ്ങൾക്ക് ഏറെ സൗകര്യപ്രദവും രാജ്യത്തെ സമ്പദ്ഘടനയുടെ ഉൽപാദനക്ഷമത കൂട്ടുന്നതുമായ ഡിജിറ്റൽ പൊതുനന്മയാണ് യു.പി.ഐ എന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം ട്വിറ്ററിൽ കുറിച്ചു. യു.പി.ഐ സേവനങ്ങൾക്ക് ചാർജ് ഈടാക്കാൻ സർക്കാർ ആലോചിക്കുന്നില്ല. ചെലവുമായി ബന്ധപ്പെട്ടുള്ള സേവനദാതാക്കളുടെ ആശങ്കകൾക്ക് മറ്റുവഴികളിലൂടെ പരിഹാരം കാണുമെന്നും ട്വീറ്റിൽ വ്യക്തമാക്കി.

കഴിഞ്ഞ വർഷം ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾക്ക് സർക്കാർ സാമ്പത്തിക സഹായം നൽകിയ കാര്യവും ട്വീറ്റിൽ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ പേയ്‌മെന്റിനെ പ്രോത്സാഹിപ്പിക്കാനായി ഇത് ഈ വർഷവും തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദവും സാമ്പത്തികലാഭമുണ്ടാക്കുന്നതുമായ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ കൂടി ഭാഗമാണിതെന്ന് മന്ത്രാലയം അറിയിച്ചു.

ദിവസങ്ങൾക്കുമുൻപാണ് ഡിജിറ്റൽ പേയ്‌മെന്റുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ ലക്ഷ്യമിടുന്ന വിവിധ മാറ്റങ്ങളെക്കുറിച്ച് റിസർവ് ബാങ്ക് പൊതുജനങ്ങളിൽനിന്ന് അഭിപ്രായം തേടിയത്. ഇതിൽ യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുന്നതും ഉൾപ്പെട്ടിരുന്നു. സ്റ്റേറ്റ്‌മെന്റ് ഓൺ ഡെവലപ്‌മെന്റൽ ആൻഡ് റെഗുലേറ്ററി പോളിസീസ് എന്ന പേരിൽ ഈ മാസം 17നാണ് ആർ.ബി.ഐ ഡിസ്‌കഷൻ പേപ്പർ പുറത്തിറക്കിയത്.

മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐ.എം.പി.എസിന്(ഇമ്മീഡിയറ്റ് പേയ്‌മെന്റ് സർവീസ്) സമാനമായതിനാൽ യു.പി.ഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്നായിരുന്നു റിസർവ് ബാങ്ക് ചൂണ്ടിക്കാട്ടിയത്. 800 രൂപ യു.പി.ഐ വഴി അയയ്ക്കുമ്പോൾ രണ്ടു രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. ഇടപാട് തുകയുടെ തോതനുസരിച്ച് വിവിധ തരത്തിലുള്ള ചാർജ് ഈടാക്കാമെന്നായിരുന്നു നിർദേശം.

LEAVE A REPLY

Please enter your comment!
Please enter your name here