തിരുവനന്തപുരം: സംസ്ഥാന സർക്കാരിന് ധൂർത്തെന്ന് സി പി ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം. സി പി ഐ കാസർകോട് ജില്ലാ സമ്മേളനത്തിന്റെ പ്രവർത്തന റിപ്പോർട്ടിലാണ് സർക്കാരിനും മുന്നണിക്കുമെതിരായ വിമർശനം ഉണ്ടായത്. സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്തിനും, ധാരാളിത്തത്തിനും കുറവില്ലെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.
അടിസ്ഥാന വർഗ്ഗത്തെ വിട്ട് മധ്യവർഗ്ഗത്തിന് പിന്നാലെ പായുകയാണ് മുന്നണിയും സർക്കാരുമെന്നാണ് മറ്റൊരു വിമർശനം. വികസന കാഴ്ചപ്പാടുകൾക്ക് ഇടതു മുഖം നഷ്ടമാകുന്നുവെന്നും കുറ്റപ്പെടുത്തലുണ്ട്. മുതിർന്ന നേതാവ് ആനി രാജയെ എതിർത്ത് പറഞ്ഞ പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശരിയല്ലെന്ന് ജില്ലാ സമ്മേളനത്തിൽ പ്രതിനിധികൾ വിമർശിച്ചു.
കെ റെയിൽ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സി പി ഐ നേതൃത്വം വ്യക്തമായ നിലപാടെടുത്തില്ലെന്നും വിമർശനമുയർന്നു. മുഖ്യമന്ത്രിയെ വിമർശിക്കേണ്ട ഒരു സന്ദർഭത്തിലും പാർട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ ഭാഗത്ത് നിന്ന് അത് ഉണ്ടാകുന്നില്ലെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. പോലീസ് പക്ഷപാതപരമായി പെരുമാറുന്നു. ഇത് ഗൗരവത്തോടെ കാണണം. സഹകരണ സ്ഥാപനങ്ങളിൽ നടക്കുന്ന അഴിമതിയും സ്വജന പക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിർത്തണമെന്നും റിപ്പോർട്ടിൽ ആവശ്യപ്പെടുന്നുണ്ട്..
പാർട്ടി ജില്ലാസമ്മേളനങ്ങളിലെല്ലാം കാനത്തിനെതിരെ ഉയർന്ന പ്രധാന വിമർശനം, സെക്രട്ടറി പിണറായിയുടെ അടിമയായി എന്നാണ്. പാർട്ടി സമ്മേളന കാലത്തെ സഭാസമ്മേളനം ഇത് കൊണ്ട് തന്നെ കാനത്തിനും നിർണായകം. ഭരണം വേണം, ഒപ്പം നിലപാട് വ്യക്തമാക്കണം, പാർട്ടിയിലെ വിമർശർക്ക് മറുപടി നൽകണം. അതിനാൽ അസാധുവായ 11 ഓർഡിനൻസുകൾക്ക് പകരം വീണ്ടും സഭ സമ്മേളിച്ച് ചർച്ച നടത്തുമ്പോൾ സിപിഐ എന്ത് നിലപാടെടുക്കും എന്നതും ഇപ്പോൾ ഉറ്റുനോക്കപ്പെടുന്നുണ്ട്.