സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം; പ്രതിഷേധവുമായി ബി.ജെ.പി എം.എല്‍.എ

0
437

മംഗളൂരു: മംഗളൂരുവിലെ സൂറത്കലിലെ ഫാസില്‍ കൊലപാതകക്കേസില്‍ കസ്റ്റഡിയിലായവര്‍ക്ക് തീവ്രഹിന്ദുത്വ സംഘടനകളുമായി ബന്ധം. കേസുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തതിനെതിരെ ബി.ജെ.പി എം.എല്‍.എ ഭരത്‌ഷെട്ടി നേരിട്ടെത്തി പ്രതിഷേധിച്ചു. നിരപരാധികളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തതെന്ന് എം.എല്‍.എ ആരോപിച്ചു.

സംഭവത്തില്‍ ഹിന്ദുത്വ സംഘടനകള്‍ കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ പ്രതിഷേധിച്ചു. അതിനിടെ ഫാസില്‍ കൊലപാതകത്തില്‍ അക്രമി സംഘം ഉപയോഗിച്ചതെന്ന് സംശയിക്കുന്ന കാര്‍ പൊലീസ് കണ്ടെത്തി. കാര്‍ക്കള പടുബിദ്രിയില്‍ നിന്നാണ് വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഇയോണ്‍ കാര്‍ പൊലീസ് കണ്ടെത്തിയത്. ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ച നിലയിലായിരുന്നു കാര്‍.

പ്രദേശവാസികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഫാസിലിന്റെ കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ആണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറയും മൈക്രോ സിമ്മും വെള്ളക്കുപ്പിയും പണവും ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

നാലംഗ സംഘമാണ് വെള്ളിയാഴ്ച രാത്രി ഫാസിലിനെ വെട്ടിക്കൊന്നത്. തലക്കും കഴുത്തിനും വെട്ടേറ്റതാണ് മരണ കാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ഫാസില്‍ കൊലക്കേസ് അന്വേഷണ തലവനായി സൗത്ത് ഡിവിഷന്‍ എ.സി.പി മഹേഷ് കുമാറിനെ നിയമിച്ചിട്ടുണ്ട്.

അതേസമയം, കര്‍ണാടകയിലെ കൊലപാതകങ്ങള്‍ക്ക് പിന്നാലെ വടക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടുതല്‍ പൊലീസിനെ കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളില്‍ വിന്ന്യസിച്ചു. അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധന നടക്കുകയാണ്. ദക്ഷിണ കന്നഡ ജില്ലയിലുടനീളം തുടരുന്ന സായാഹ്ന കര്‍ഫ്യൂ രണ്ട് ദിവസത്തേക്ക് കൂടി നീട്ടി. അവശ്യ സേവനങ്ങള്‍ ഒഴികെയുള്ള മറ്റെല്ലാ വ്യാപാര സ്ഥാപനങ്ങളും വൈകുന്നേരം ആറ് മണിക്ക് അടച്ചുപൂട്ടാനാണ് നിര്‍ദേശം.

ജൂലൈ 19 കാസര്‍ഗോഡ് മെഗ്രാല്‍പൂത്തൂര്‍ മുഹമ്മദ് മസൂദിനെ ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ടാണ് ദക്ഷിണകന്നഡ ജില്ലകളില്‍ അക്രമസംഭവങ്ങള്‍ തുടങ്ങിയത്. സംഭവത്തില്‍ ബജ്‌റംഗ്ദള്‍, വി.എച്ച്.പി പ്രവര്‍ത്തകരാണ് പിടിയിലായത്. തുടര്‍ന്ന് ജൂലൈ 26ന് സുള്ള്യ ബെല്ലാരയില്‍ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവും കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുഹമ്മദ് ഫാസിലും കൊല്ലപ്പെട്ടത്.

 

LEAVE A REPLY

Please enter your comment!
Please enter your name here