സി പി എം ഇനി അക്ഷരാര്‍ത്ഥത്തില്‍ ‘കണ്ണൂര്‍’ പാര്‍ട്ടി, 92 ന് ശേഷം എല്ലാ സംസ്ഥാന സെക്രട്ടറിമാരും ഒരേ ജില്ലയില്‍ നിന്ന്

0
227

കേരളത്തിലെ സി പി എം ഇനി അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂര്‍ പാര്‍ട്ടി. 1992 ല്‍ വി എസ് അച്യുതാനന്ദന്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ഇ കെ നയനാര്‍ പാര്‍ട്ടി സെക്രട്ടറിയായതോടെ കഴിഞ്ഞ 30 വര്‍ഷമായി സി പി എം സംസ്ഥാന സെക്രട്ടറിമാരെല്ലാം കണ്ണൂരില്‍ നിന്നാണ്. നയനാര്‍ 96 ല്‍ മുഖ്യമന്ത്രിയായതിന് ശേഷം കണ്ണൂരില്‍ നിന്ന് തന്നെയുള്ള ചടയന്‍ ഗോവിന്ദനാണ് പാര്‍ട്ടി സെക്രട്ടറിയായത്. ചടയന്റെ പെട്ടെന്നുളള നിര്യാണമാണ് നയനാര്‍ സര്‍ക്കാരിര്‍ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തെത്തിക്കുന്നത്. അന്ന് പിണറായിയെ പാര്‍ട്ടി സെക്രട്ടറിയാക്കാന്‍ ചരട് വലിച്ചത് വി എസ് അച്യുതാനന്ദനും. പാര്‍ട്ടി സെക്രട്ടറി വടക്കുനിന്നായാല്‍ മുഖ്യമന്ത്രി തെക്കുന്നായിരിക്കണം എന്നൊരു അലിഖിത നിയമനം അന്ന് സി പിഎമ്മില്‍ ഉണ്ടായിരുന്നു. അങ്ങിനെയാണ് 1980 ല്‍ നയനാര്‍ മുഖ്യമന്ത്രിയായപ്പോള്‍ വി എസ് പാര്‍ട്ടി സെക്രട്ടറിയായത്്.

പതിനഞ്ച് വര്‍ഷ്ത്തിന് ശേഷം പിണറായി സ്ഥാനം ഒഴിഞ്ഞപ്പോള്‍ കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി. കോടിയേരി ചികല്‍സാര്‍ത്ഥം മാറി നിന്നപ്പോള്‍ കുറച്ച് വി എസ് വിജയരാഘവന്‍ സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല വഹിച്ചെങ്കിലും കോടിയേരി പെട്ടെന്ന് തന്നെ തിരിച്ചെത്തി സംസ്ഥാന സെക്രട്ടറി സ്ഥാനം വീണ്ടും കയ്യാളി.

സി പി എമ്മിനെ സംബന്ധിച്ചിടത്തോളം കണ്ണൂര്‍ എന്നത് എക്കാലും തങ്ങളുടെ നെടുങ്കോട്ടയാണ്. പാര്‍ട്ടിയില്‍ എക്കാലവും ശക്തരായിരുന്നതും അവിടെ നിന്ന് വന്ന നേതാക്കളായിരുന്നു. അവിഭക്ത കമ്യുണിസ്റ്റ് പാര്‍്ട്ടിയുടെ കാലം മുതല്‍ കണ്ണൂര്‍ നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ സവിശേഷമായ ഒരു സ്ഥാനമുണ്ടായിരുന്നു. പാര്‍ട്ടി പിളര്‍ന്ന് സി പി എം രൂപീകരിച്ചതോടെ കണ്ണൂരിന്റെ നേതാവായ എ കെ ജിയായിരുന്നു പാര്‍ട്ടിയിലെ ഏറ്റവും ജനകീയനായ നേതാവ്. ഇ എം എസും , എ കെ ജിയും ചോദ്യം ചെയ്യപ്പെടാതെ പാര്‍ട്ടിയെ നയിച്ചിരുന്ന 60-70 കാലഘത്തില്‍ ഇന്നത്തേ പോലെ തന്നെ പാര്‍ട്ടിയുടെ സമ്പൂര്‍ണ്ണ നിയന്ത്രണം കണ്ണൂരിലെ നേതാക്കള്‍ക്ക് തന്നെയായിരുന്നു.

അതിനൊരു മാറ്റമുണ്ടാക്കിയത് വി എസ് അച്യുതാനന്ദനായിരുന്നു. വി എസ് സംസ്ഥാന സെക്രട്ടറിയായിരുന്ന പന്ത്രണ്ട് കൊല്ലവും പാര്‍ട്ടിയെ അദ്ദേഹം തന്റെ കൈപ്പടിയില്‍ ഒതുക്കിയിരുന്നു. അന്ന് വി എസ് അച്യുതാനന്ദന്റെ വിധേയ ശിഷ്യരില്‍ ഒരാളായിരുന്നു ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂരിലെ പാര്‍ട്ടിയില്‍ എം വി രാഘവന്‍ ഉയര്‍ത്തിയ കലാപത്തെ വി എസ് നേരിട്ടത് അന്നത്തെ ജില്ലാ സെക്രട്ടറി പിണറായി വിജയനെ ഉപയോഗിച്ചായിരുന്നു. ഇ എം എസാകട്ടെ കണ്ണൂര്‍ ലോബിയുടെ നേതാവായിരുന്ന നയനാരെ വി എസിനെതിരെയും, വി എസിനെ നയനാര്‍ക്കെതിരെയും മാറി മാറി ഉപയോഗിച്ച് തന്റ സ്വാധീനം നിലനിര്‍ത്തി.

ഇപ്പോള്‍ സംസ്ഥാന സെക്രട്ടറിയായിരിക്കുന്ന ഗോവിന്ദന്‍മാഷ് ചുരുങ്ങിയത് 2026 വരെയെങ്കിലും തല്‍്സ്ഥാനത്ത് തുടരും. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരിക്കും പാര്‍ട്ടി സംസ്ഥാന സമ്മേളനം നടക്കുക. അന്ന് എന്തെങ്കിലും പ്രത്യക സാഹചര്യമുണ്ടായാല്‍ മാത്രമേ വേറൊരാള്‍ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് വരാന്‍ സാധ്യതയുള്ളു. അത് കൊണ്ട് തന്നെ ഇനി ഒരു എട്ട് – പത്ത് വര്‍ഷത്തേക്കെങ്കിലും സിപി എം അക്ഷരാര്‍ത്ഥത്തില്‍ കണ്ണൂര്‍ പാര്‍ട്ടിയായി തന്നെ തുടരും.

LEAVE A REPLY

Please enter your comment!
Please enter your name here