സിപിഐ ഓഫീസിന് നേരെ സിപിഎം ആക്രമണം; അഞ്ച് പേര്‍ക്കെതിരെ കേസ്

0
233

കൊച്ചിയില്‍ വൈപ്പിനിലെ സിപിഐ ലോക്കല്‍ കമ്മിറ്റി ഓഫീസ് അടിച്ച് തകര്‍ത്ത സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസ്. സിപിഎം ഞാറക്കല്‍ ഏരിയാ സെക്രട്ടറി എ.പി പ്രിനില്‍, സുനില്‍ ഹരീന്ദ്രന്‍,സൂരജ്, സാബു, ലെനോഷ് എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

ഇന്നലെ വൈകുന്നേരത്തോടെയാണ് സിപിഐ ഓഫീസിന് നേരെ ആക്രമണമുണ്ടായത്. ഓഫീസിന്റെ ബോര്‍ഡ് അടക്കം തകര്‍ത്തതായാണ് സിപിഐയുടെ പരാതി. സംഭവത്തില്‍ വൈപ്പിന്‍ മണ്ഡലം സെക്രട്ടറി കെ.എല്‍. ദിലീപ് കുമാര്‍, ലോക്കല്‍ സെക്രട്ടറി എന്‍.എ ദാസന്‍ എന്നിവര്‍ക്ക് പരിക്കേറ്റു.

ഞാറയ്ക്കല്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് ആക്രമണത്തിനിടയാക്കിയത്. തിരഞ്ഞെടുപ്പില്‍ സിപിഐയും കോണ്‍ഗ്രസും നേതൃത്വം നല്‍കുന്ന സഹകരണ മുന്നണിയും സിപിഎമ്മും തമ്മിലായിരുന്നു മത്സരം. സഹകരണ മുന്നണിക്കായിരുന്നു കൂടുതല്‍ സീറ്റുകള്‍ ലഭിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ സിപിഎം നടത്തിയ പ്രകടനത്തിനിടയിലാണ് ആക്രമണമുണ്ടായത്.

സിപിഎം പ്രവര്‍ത്തകര്‍ ഓഫീസിനുള്ളിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. നേതാക്കളെ ആക്രമിക്കുകയും, കസേരകള്‍ തല്ലി തകര്‍ക്കുകയും ചെയ്തു. ഓഫീസിനു മുന്നിലെ കൊടിമരവും, ഫ്ളക്സും നശിപ്പിച്ചു. പൊലീസ് എത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചത്. അതേസമയം ഓഫീസിനകത്ത് കയറി അക്രമം നടത്തിയിട്ടില്ലെന്നും മോശം പരാമര്‍ശം ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും സിപിഎം വിശദീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here