പാലക്കാട്: സ്വാതന്ത്ര്യ ദിനാഘോഷത്തിനായി രാജ്യം ഒരുങ്ങുന്നതിനിടെ ഞെട്ടിക്കുന്ന വാര്‍ത്തയാണ് പാലക്കാട് നിന്ന് എത്തിയത്. സ്വാതന്ത്ര്യ ദിനത്തിന്‍റെ അലങ്കര പണികൾക്കിടെയാണ് മലമ്പുഴയിൽ സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നത്. മരുത റോഡ് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനാണ് കൊല്ലപ്പെട്ടത്. 39 വയസ്സായിരുന്നു. പിന്നിൽ ആര്‍എസ്എസ് ആണെന്ന് സിപിഎം ആരോപിച്ചു. ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008 ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്.
ഷാജഹാന് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വധഭീഷണി ഉണ്ടായിരുന്നുവെന്നും സിപിഎം നേതാക്കള്‍ പറയുന്നു. മലമ്പുഴ കുന്നംങ്കാട് ജംഗ്ഷനില്‍ രാത്രി 9.15 ഓടെയാണ് സംഭവം നടന്നത്. ബൈക്കിലെത്തിയ രണ്ട് സംഘം ഷാജഹാനെ വെട്ടിവീഴ്ത്തുകയായിരുന്നു എന്നാണ് വിവരം. ആക്രമണത്തില്‍ ഷാജഹാന്‍റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സിപിഎം പ്രാദേശിക നേതാക്കൾ ആരോപിക്കുന്നത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സിപിഎം നേതാക്കള്‍ ആശുപത്രിയിലെത്തിയിട്ടുണ്ട്.