വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടില്‍ എത്താത്ത പ്രവാസികള്‍ എവിടെ? പോലീസ് വിവരം ശേഖരിക്കുന്നു

0
250

വടകര: വിദേശത്തുനിന്ന് മടങ്ങിയിട്ടും വീട്ടിലെത്താതിരിക്കുകയോ, എത്തിയശേഷം കാണാതാവുകയോ ചെയ്യുന്നവരുടെ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നു. സ്വര്‍ണക്കടത്തുസംഘങ്ങളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണിത്.

10 ദിവസത്തിനിടെ കോഴിക്കോട് ജില്ലയില്‍മാത്രം ഇത്തരത്തിലുള്ള മൂന്ന് പരാതികളാണ് ഉയര്‍ന്നത്. ഒന്ന് പേരാമ്പ്രയിലും ഒരോന്നുവീതം വളയത്തും നാദാപുരത്തും. മൂന്നിനും സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ട്. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോവുകയും പിന്നീട് മരിച്ചനിലയില്‍ കാണുകയും ചെയ്ത പേരാമ്പ്ര പന്തിരിക്കരയിലെ ഇര്‍ഷാദ് മേയ് 13-ന് നാട്ടിലെത്തിയെങ്കിലും വീട്ടിലെത്തിയിരുന്നില്ല. പോലീസാണ് ഇയാളെ വീട്ടിലെത്തിച്ചത്. മേയ് 23-ന് വയനാട്ടിലേക്കെന്നുംപറഞ്ഞ് പോയ ഇര്‍ഷാദ് പിന്നെ തിരിച്ചുവന്നില്ല. സ്വര്‍ണക്കടത്തുസംഘം തട്ടിക്കൊണ്ടുപോയെന്ന വിവരമാണ് പിന്നീട് കിട്ടിയത്.

ഈ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് വിദേശത്തുനിന്ന് നാട്ടിലെത്തിയിട്ടും വീട്ടിലെത്താത്ത നാദാപുരം മേഖലയിലെ രണ്ടുപേരെക്കുറിച്ച് രഹസ്യാന്വേഷണവിഭാഗത്തിന് വിവരം കിട്ടിയത്. ചെക്യാട് ജാതിയേരിയിലെ റിജേഷ്, നാദാപുരത്തെ അനസ് എന്നിവരെ കാണാനില്ലെന്നാണ് പരാതി. ബന്ധുക്കള്‍ പരാതി നല്‍കിയതുപ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഏറെ വൈകിയാണ് ബന്ധുക്കള്‍ പരാതിയുമായി രംഗത്തുവന്നത്.

ഇത്തരം സംഭവങ്ങള്‍ പലയിടങ്ങളിലുമുണ്ടെന്നാണ് പോലീസിന് കിട്ടിയ വിവരം. ബന്ധുക്കള്‍പോലും ഇത് മൂടിവെക്കുന്നു. നാട്ടുകാരില്‍നിന്നുള്ള വിവരങ്ങളാണ് പ്രധാനം. വിവിധ വിമാനത്താവളങ്ങളുമായി ബന്ധപ്പെട്ടും വിവരം ശേഖരിക്കുന്നുണ്ട്. വിമാനമിറങ്ങിയവരുടെ പേരെടുത്ത് അവര്‍ നാട്ടിലുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

രണ്ടുമാസം റിസോര്‍ട്ടുവാസം

നേരത്തേ നാദാപുരം മേഖലയില്‍ത്തന്നെ ഒരു യുവാവ് വിദേശത്തുനിന്നെത്തിയ ശേഷം രണ്ടുമാസത്തിനുശേഷമാണ് വീട്ടിലെത്തിയത്. ആരും പരാതി നല്‍കിയില്ല. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയംതന്നെയാണ് ഇതിനുപിന്നിലെന്ന് പിന്നീട് വ്യക്തമായി.

കടത്താന്‍ ഏല്‍പ്പിച്ച സ്വര്‍ണം മറ്റൊരു സംഘത്തിന് മറിച്ചുനല്‍കിയതിനാലാണ് ഇയാള്‍ അത്രയുംകാലം ഒളിവില്‍ക്കഴിഞ്ഞത്. സ്വര്‍ണം മറിച്ചുനല്‍കിയ സംഘംതന്നെയാണ് ഇയാളെ ഒരു റിസോര്‍ട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചതും. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സംഘമായിരുന്നു ഈ സ്വര്‍ണം പൊട്ടിക്കലിനു പിന്നില്‍. കണ്ണൂര്‍സംഘങ്ങള്‍ ഭീഷണിയായതോടെ കോഴിക്കോട് ജില്ലയിലും ശക്തമായ ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇതോടെയാണ് സ്വര്‍ണം പൊട്ടിക്കലും തട്ടിക്കൊണ്ടുപോകലുമെല്ലാം പതിവാകുന്നത്. എന്നാല്‍, പരാതികള്‍ പലപ്പോഴും ഉണ്ടാകാറില്ല.

LEAVE A REPLY

Please enter your comment!
Please enter your name here