മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ വീണ്ടും പൊലീസ് നടപടി; നല്ല നടപ്പിന് ശുപാർശ ചെയ്യാൻ നീക്കം

0
221

കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് ഫർസീൻ മജീദിനെതിരെ വീണ്ടും പൊലീസ് നടപടിക്ക് ശുപാർശ. നല്ല നടപ്പിന് ശുപാർശ ചെയ്യുന്നതിനായി മട്ടന്നൂർ ഇൻസ്പെക്ടർ കൂത്തുപറമ്പ് എസിപിക്ക് റിപ്പോർട്ട് നൽകി. 2 വർഷത്തേക്ക് കുറ്റകൃത്യങ്ങളിൽ ഏർപ്പെടാതിരിക്കാനുള്ള മുൻകരുതൽ നടപടിയാണ് പൊലീസ് സ്വീകരിക്കുന്നത്. CRPC 107 പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് മജിസ്ട്രേറ്റ് കോടതിയിലേക്ക് പൊലീസ് ഉടൻ റിപ്പോർട്ട് നൽകും. മുൻപ് കാപ്പ ചുമത്തുന്നതിന് മുന്നോടിയായാണ് നല്ല നടപ്പിന് പൊലീസ് ശുപാർശ ചെയ്തിരുന്നത്. എന്നാൽ, ഇപ്പോൾ നല്ല നടപ്പിന് ശിക്ഷിച്ചാലും കാപ്പ ചുമത്തണമെന്ന് നിർബന്ധമില്ല.

ഫർസീൻ മജീദിന് നേരെ കാപ്പ ചുമത്താനുള്ള പൊലീസ് നീക്കത്തിൽ നേരത്തെ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇൻഡിഗോ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ച ഫർസീൻ മജീദിനെതിരെ കൊലപാതക ശ്രമത്തിന് കേസെടുത്ത് ഒരു എസ്പിയുടെ നേതൃത്വത്തിൽ  അന്വേഷണം തുടരുന്നതിനിടെയായിരുന്നു പൊലീസിന്‍റെ കാപ്പ നീക്കം. യൂത്ത് കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്‍റ് ഫർസീനെതിരെ 13 കേസുകളുണ്ടെന്നും സ്ഥിരം കുറ്റവാളിയായ ഇയാളെ ജില്ലയിൽ നിന്നും നാടുകടത്തണമെന്നുമായിരുന്നു പൊലീസിന്‍റെ ആവശ്യം. കമ്മീഷണർ ആർ ഇളങ്കോ സമർപ്പിച്ച റിപ്പോർട്ടിൻമേൽ ഡിഐജി രാഹുൽ ആർ നായർ ഫർസീന് കാരണം കാണിക്കൽ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഫർസീന് എതിരെയുള്ള പതിമൂന്ന് കേസുകളിൽ 11 കേസുകളും കെഎസ്‍യു, യൂത്ത് കോൺഗ്രസ് പ്രതിഷേധ പരിപാടികളിൽ പങ്കെടുത്തതിന് ചുമത്തിയതാണ്. എടയന്നൂർ സ്കൂളിന് മുന്നിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സിപിഎം പ്രവർത്തകരുമായുണ്ടായ സംഘർഷത്തിൽ 2017ൽ ഒരു വധശ്രമക്കേസും ഫർസീന് എതിരെയുണ്ട്.

ഗുണ്ടാ ലിറ്റിൽ ഉള്ളവരെ സാമൂഹ്യദ്രോഹിയായി പ്രഖ്യാപിച്ച് ആറ് മാസത്തേക്ക് ജില്ലയിൽ പ്രവേശിക്കാൻ അനുമതി നൽകാതിരിക്കാനാണ് കാപ്പ ചുമത്തുന്നത്. രാഷ്ട്രീയ സമരത്തിൽ  പങ്കെടുക്കുന്ന യുവനേതാക്കെതിരെയെടുക്കുന്ന കേസുകളിൾ വച്ച് കാപ്പാ ചുമത്തുന്ന പതിവ് ഇല്ല.

LEAVE A REPLY

Please enter your comment!
Please enter your name here