മരുന്ന് കയ്യിലുണ്ടോ; യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും

0
224

ദുബായ്: സ്വന്തം ഉപയോഗത്തിനുള്ള മരുന്നുകളുമായാലും യുഎഇയിലേക്കു യാത്ര ചെയ്യുമ്പോൾ ചട്ടങ്ങൾ പാലിച്ചില്ലെങ്കിൽ കുടുങ്ങും. താമസ- സന്ദർശക വീസക്കാർക്ക് നിയമങ്ങൾ ഒരുപോലെ ബാധകം. മരുന്നുകൾ ഏതു വിഭാഗത്തിൽ പെടുന്നുവെന്നതു കണക്കിലെടുത്താണ്  നടപടിക്രമങ്ങൾ.

കൺട്രോൾഡ്, സെമി കൺട്രോൾഡ് വിഭാഗത്തിലെ മരുന്നുകൾക്ക് യുഎഇ ആരോഗ്യമന്ത്രാലയത്തിന്റെ  പ്രത്യേക പെർമിറ്റ് നിർബന്ധമാണ്. മറ്റു മരുന്നുകൾക്ക് ഇതാവശ്യമില്ലെങ്കിലും പരിധിയിൽ കൂടുതൽ കൊണ്ടുവരാനാവില്ല. പെർമിറ്റിന് ഓൺലൈനിൽ അപേക്ഷിക്കാം. സൈറ്റ്: www.mohap.gov.ae.

ലോകരാജ്യങ്ങളിൽ ലഭ്യമായ ഭൂരിഭാഗം മരുന്നുകളും യുഎഇയിലെ ഫാർമസികളിലും ആശുപത്രികളിലും ലഭ്യമാണ്. ചില മരുന്നുകളുടെ കാര്യത്തിൽ നിരോധനവും നിയന്ത്രണവുമുണ്ട്. രാജ്യാന്തര തലങ്ങളിൽ വിവിധ ലഹരിമരുന്നുകൾ ശാസ്ത്ര പഠന-ഗവേഷണങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെങ്കിലും ചികിത്സാരംഗത്ത് കർശന നിയന്ത്രണങ്ങളുണ്ട്. സാധാരണക്കാരുടെ കൈവശം ഇവ എത്താതിരിക്കാനും ശ്രദ്ധിക്കുന്നു. നിയമവിരുദ്ധമായി ഇവ കൈമാറ്റം ചെയ്യപ്പെടുന്നതും ലഹരി ആവശ്യത്തിന് ഉപയോഗിക്കുന്നതും കർശനമായി തടയണമെന്നു രാജ്യാന്തര ചട്ടങ്ങൾ അനുശാസിക്കുന്നു. ചില രോഗങ്ങളുടെ കാഠിന്യവും മറ്റു പ്രത്യേകതകളും കണക്കിലെടുത്ത് ഡോക്ടർമാരുടെ അനുമതിയോടെ നിയന്ത്രിത അളവിൽ രോഗികൾക്ക് നൽകുന്നതാണ് രാജ്യാന്തര ചട്ടം.

അപേക്ഷയിൽ എന്തൊക്കെ

രോഗം, മരുന്ന്, ചികിത്സ എന്നിവയെക്കുറിച്ചുള്ള പൂർണവിവരങ്ങൾ വ്യക്തമാക്കണം. പരിശോധിച്ച ഡോക്ടർ 3 മാസത്തിനുള്ളിൽ നൽകിയ കുറിപ്പടി, ചികിത്സിച്ച  സ്ഥാപനം നൽകിയ ഒരു വർഷത്തിനകമുള്ള റിപ്പോർട്ട്, ആരോഗ്യം സംബന്ധിച്ച രേഖകൾ, എമിറേറ്റ്സ് ഐഡിയുടെയോ പാസ്പോർട്ടിന്റെയോ പകർപ്പ് എന്നിവ വേണം.

ചികിത്സ സ്വീകരിച്ച രാജ്യത്തെ ഹെൽത്ത് അതോറിറ്റിയുടെയോ ചുമതലപ്പെട്ട മറ്റു വകുപ്പുകളുടെയോ യുഎഇ എംബസിയുടെയോ രേഖകളും കരുതണം.

യുഎഇ ഡ്രഗ് ഡിപ്പാർട്മെന്റിൽ അപേക്ഷ പരിശോധിച്ചു ബോധ്യപ്പെട്ടാൽ സമ്മതപത്രം നൽകും. തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും  പരിശോധനകൾ പൂർത്തിയാക്കി മാത്രമേ യാത്രക്കാരനു പുറത്തിറങ്ങാനാകൂ.

പരിശോധന കർശനം

ഔഷധങ്ങളെന്ന വ്യാജേന ലഹരി ഉൽപന്നങ്ങൾ കൊണ്ടുവരുന്നതു തടയാൻ പരിശോധനകൾ കർശനമാണ്. കുടവയറും വിഗുമടക്കമുള്ള ‘വിരുതുകൾ’ ഉപയോഗപ്പെടുത്തി ലഹരിമരുന്നു കടത്തുന്നവരെ ഒറ്റനോട്ടത്തിൽ കെണിയിലാക്കാൻ സ്മാർട് വിദ്യകളും കസ്റ്റംസ് പ്രയോഗിക്കുന്നു.

വിഗ്, കൃത്രിമ കുടവയർ എന്നിവയ്ക്കുള്ളിലും സ്റ്റാംപുകളിലെ പശയിലും വരെ ലഹരിമരുന്നു കയറിപ്പറ്റിയത് കണ്ടെത്തിയിരുന്നു. വീൽചെയറുകൾ, ചോക്‌ലറ്റ്, ജ്യൂസ്, തേൻ, ബദാം, മസാലപ്പൊടി, പഴക്കൂടകൾ എന്നിവയിൽ ഒളിപ്പിച്ചു കടത്താനുള്ള നീക്കങ്ങളും കസ്റ്റംസ് പിടികൂടിയിരുന്നു.

സ്വർണം ദ്രവരൂപത്തിൽ കുപ്പിയിലാക്കുക, സ്വർണപ്പാളികൾ ദേഹത്തു ചുറ്റി കട്ടികൂടിയ വസ്ത്രങ്ങൾ ധരിക്കുക, സ്വർണനൂലുകൾ കൊണ്ട് വസ്ത്രങ്ങളിൽ അലങ്കാരപ്പണി നടത്തുക എന്നിങ്ങനെ തന്ത്രങ്ങളേറെയാണ്.

കുറ്റവാളികളുടെ ശരീരഭാഷയിൽ നിന്നുതന്നെ അധികൃതർക്ക് സൂചന ലഭിക്കും. ഇവരോട് മാന്യമായി ഇടപെടുകയും യാത്രാവിവരങ്ങൾ അന്വേഷിക്കുകയും ചെയ്യുന്നു. മറുപടിയിലെ പൊരുത്തക്കേടുകൾ കണ്ടെത്തി വിശദമായി ചോദ്യം ചെയ്യുന്നു. ലഗേജ് സ്കാൻ ചെയ്യാനും മറ്റുമായി ഹൈടെക് സംവിധാനങ്ങളുമുണ്ട്.

ആഭിചാര കർമങ്ങൾക്കുള്ള സാമഗ്രികളുമായി എത്തിയവരെ  പിടികൂടിയ കേസുകളുമേറെയാണ്.

അറിയാം, മരുന്നിലെ മറിമായം

മൊബൈൽ സ്മാർട് ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് കസ്റ്റംസിനുള്ളത്. ഗുളികകളിൽ ലഹരിമരുന്നുണ്ടോ എന്നറിയാൻ പ്രത്യേക സ്‌കാനറിൽ ഒരുനിമിഷം വച്ചാൽ സകല ചേരുവകളുടെയും രാസനാമം സഹിതം സ്‌ക്രീനിൽ തെളിയും.  പ്രഷറിനും ഷുഗറിനുമൊക്കെയുള്ള ഗുളികയുടെ പേരിൽ കൊണ്ടുവരുന്ന ലഹരിമരുന്നുകൾ കയ്യോടെ പിടികൂടാം.

LEAVE A REPLY

Please enter your comment!
Please enter your name here