ഭീമ കൊറേഗാവ് കേസ്: കവി വരവരറാവുവിന് സ്ഥിരം ജാമ്യം, ആരോ​ഗ്യാവസ്ഥ പരി​ഗണിച്ചെന്ന് സുപ്രീംകോടതി

0
162

ദില്ലി: ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി ഉത്തരവ്. ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചിവ വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സ്ഥിരം ജാമ്യം സുപ്രീം കോടതി അനുവദിച്ചത്.

ചികിൽസ എവിടെയാണെന്ന് എൻ ഐ എയെ അറിയിക്കണം. വിചാരണ കോടതിയുടെ  പരിധി വിട്ട് പോകാൻ പാടില്ലെന്നും കോടതി വ്യക്തമാക്കി.82 വയസുള്ള ആളഎ ഇനിയും ജയിലിലേക്ക് വിടുന്നത് ശരിയല്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു

വരവരറാവുവിനെതിരായ കണ്ടെത്തലുകൾ എങ്ങനെ തെളിക്കാനാകുമെന്ന് സുപ്രീം കോടതി എൻ ഐ എയോട് ചോദിച്ചു. എൻ ഐ എ ഹാജരാക്കിയ തെളിവുകൾ കെട്ടിച്ചമച്ചതെന്ന് വരവര റാവുവിൻ്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഇലക്ട്രോണിക്സ് തെളിവുകൾ വ്യാജമായി നിർമ്മിച്ചതിന് അന്തരാഷ്ട്ര റിപ്പോർട്ടുകൾ പുറത്ത് വന്നെന്നും വരവര റാവുവിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.

വരവര റാവുവിന്റെ ആരോ​ഗ്യാവസ്ഥ വളരെ മോശമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. സ്റ്റാൻ സ്വാമിയുടെ അവസ്ഥയാകും വരവരറാവുവിനെന്ന് അദ്ദേഹത്തിന്റെ  അഭിഭാഷകൻ കോടതിയെ അറിയിച്ചു. ജയിലിൽ ഇട്ടാൽ വരവരറാവുവിൻ്റെ ആരോഗ്യനില മെച്ചപ്പെടുമോ എന്ന് എൻ ഐ എ യോട് സുപ്രീം കോടതി ചോദിച്ചു. വരവരറാവുവിൻ്റെ സ്ഥിര ജാമ്യപേക്ഷ പരി​ഗണിക്കുമ്പോഴാണ് കോടതി എൻ ഐ എയോട് ഈ ചോദ്യം ചോദിച്ചത്. എന്നാൽ വരവരറാവുവിന് ഒരു ആരോഗ്യ പ്രശ്നവുമില്ലെന്ന് എൻ ഐ എ കോടതിയിൽ പറഞ്ഞു. ഗൗരവകരമായ രാജ്യ വിരുദ്ധ പ്രവർത്തനങ്ങളാണ് വരവരറാവു നടത്തിയതെന്നും എൻ ഐ എ സുപ്രിം കോടതിയിൽ പറഞ്ഞു. വരവരറാവു നടത്തിയ ഗൂഢാലോചനയിൽ എത്ര പേർ മരിച്ചെന്ന് സുപ്രിം കോടതി എൻ ഐ എയോട് ചോദിച്ചു.

2018 ആഗസ്റ്റിലാണ് ഭീമ കൊറേഗാവ് കേസില്‍ വരവര റാവു അറസ്ററിലാകുന്നത്. ഭീമാ കൊറേഗാവ് കേസിൽ അമേരിക്കൻ മാഗസീനായ വയേഡ് കഴിഞ്ഞയിടയ്ക്ക്  വൻ വെളിപ്പെടുത്തൽ നടത്തിയിരുന്നു. കുറ്റാരോപിതർക്കെതിരായ ഡിജിറ്റൽ തെളിവുകൾ പൂനെ പൊലീസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് അമേരിക്കയിലെ സൈബർ ഏജൻസികൾ കണ്ടെത്തിയതായായിരുന്നു വെളിപ്പെടുത്തൽ. മലയാളിയായ ഹാനിബാബു അടക്കമുള്ളവർക്കെതിരെ ഡിജിറ്റൽ തെളിവുകൾ മാത്രമാണ് ഉള്ളതെന്നിരിക്കെ നിർണായകമാണ് പുതിയ വിവരങ്ങൾ.

മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടാൻ എങ്ങനെയാണ് ഭരണകൂടം സൈബർ കുറ്റകൃത്യം നടത്തുന്നതെന്ന ആമുഖത്തോടെയാണ് ആൻഡി ഗ്രീൻബർഗ് നിർണായക വിവരങ്ങൾ വയേഡിൽ പങ്കുവയ്ക്കുന്നത്. ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ ആക്ടിവിസ്റ്റ് റോണാ വിൽസന്റെ ലാപ് ടോപ്പ് പരിശോധിച്ച അമേരിക്കൻ സൈബർ ഫോറൻസിക് സ്ഥാപനമായ ആർസണൽ കൺസൾട്ടൻസി ലാപ്ടോപ്പിൽ വിവരങ്ങൾ അറസ്റ്റിനു ശേഷം കൃത്രിമമായി ചേർത്തത് ആണെന്ന വിവരം കഴിഞ്ഞ വർഷം പുറത്ത് വിട്ടിരുന്നു.

സെൻറിനൽ വൺ എന്ന അമേരിക്കൻ സൈബർ സുരക്ഷാ സ്ഥാപനം നടത്തിയ തുടർ അന്വേഷണത്തിലാണ് ഈ തെളിവുകൾ പൂനെ പൊലീസ് തന്നെ സ്ഥാപിച്ചതാണെന്ന് കണ്ടെത്തിയത്. വരവര റാവുവിന്റെയും, റോണാ വിൽസന്റെയും, മലയാളി പ്രൊഫസർ ഹാനി ബാബുവിന്റെയും ലാപ്ടോപ്പുകൾ ഹാക്ക് ചെയ്തു. ഇവരുടെ ഇമെയിലുകളിൽ റിക്കവറി ഇമെയിലും ഫോൺ നമ്പറും പുറമെ നിന്ന് ചേർത്തിട്ടുണ്ട്.

ഇങ്ങനെ ചേർത്ത ഇമെയിൽ വിലാസം ഭീമാ കൊറേ ഗാവ് കേസുമായി ബന്ധപ്പെട്ട പൂനെ പൊലീസ് ഉദ്യോഗസ്ഥന്റേതാണ്. റിക്കവറി ഫോൺ നമ്പരും ഇതേ ഉദ്യോഗസ്ഥൻ തന്നെയാണ് ഉപയോഗിക്കുന്നത്. പൂനെ പൊലിസിന്റെ വെബ്ഡയറക്ടറി അടക്കം പരിശോധിച്ചാണ് ഇത് ഉറപ്പാക്കിയത്. വാട്സ് ആപ് ഡിപിയിൽ വരവര റാവുവിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വാർത്ത സമ്മേളന വേളയിൽ ഇയാളെടുത്ത ഒരു സെൽഫിയാണെന്നും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here