പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകം; പിന്നാക്ക വിഭാഗങ്ങള്‍ ബിജെപിയെ കൈവിടുന്നു

0
353

സുള്യ: കര്‍ണാടകയില്‍ ബിജെപി നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഒബിസി വിഭാഗക്കാരായ പ്രവര്‍ത്തകര്‍ രംഗത്ത്. യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടല്ലൂരിന്റെ കൊലപാതകത്തോടെയാണ് പിന്നോക്കവിഭാഗങ്ങള്‍ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തിയത്. പാര്‍ട്ടി നേതൃത്വം കയ്യാളുന്നത് ഉയര്‍ന്ന വിഭാഗങ്ങളിലുള്ളവര്‍ മാത്രമാണ് എന്നാണ് ന്യൂനപക്ഷത്തിന്റെ പ്രധാന വിമര്‍ശനം. പ്രതിഷേധം തണുപ്പിക്കാന്‍ നേതൃത്വത്തിനായില്ലെങ്കില്‍ ബിജെപിയെയും സര്‍ക്കാരിനെയും ദോഷമായി ബാധിക്കും.

രണ്ട് ദശാബ്ദങ്ങളായി അടക്കിവാഴുന്ന തീരദേശ മലനാടന്‍ ജില്ലകളിലെ നേതാക്കളെയാണ് പ്രതിഷേധം കൂടുതല്‍ പ്രതിരോധത്തിലാഴ്ത്തുന്നത്. ഒബിസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവസരം നല്‍കാനും ഇതോടെ നേതൃത്വം നിര്‍ബന്ധിതരാകുന്നു. പ്രതിഷേധം ലക്ഷ്യമിടുന്നത് നേതൃത്വത്തത്തെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെയുമാണെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിലയിരുത്തല്‍. പിന്നോക്ക വിഭാഗങ്ങളോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ചയില്‍ നിന്ന് ചിലര്‍ രാജി വെച്ചിരുന്നു. രാജി പിന്‍വലിക്കണമെന്നാവശ്യപ്പെടുന്ന യുവമോര്‍ച്ച ദേശീയ അധ്യക്ഷനും എംപിയുമായ തേജ്വസി സൂര്യയുടെ ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു.

രാജി വെച്ച യുവമോര്‍ച്ച നേതാക്കള്‍ പാര്‍ട്ടിക്കായി ഒന്നും ചെയ്തില്ലെന്നായിരുന്നു മുന്‍ മന്ത്രി കെ ഈശ്വരപ്പയുടെ വിമര്‍ശനം. ഉത്തര്‍പ്രദേശിലെ കുറ്റവാളികളുടെ വസ്തുവകകള്‍ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നശിപ്പിച്ചത് പോലെ കര്‍ണാടകയിലും സമാനമായി നടപടികള്‍ സ്വീകരിക്കണമെന്നാണ് ചില പ്രവര്‍ത്തകരുടെ ആവശ്യം. പ്രവീണിന്റെ കൊലപാതകത്തിന് ശേഷം ബില്‍വാസ് പോലുള്ള സമുദായങ്ങള്‍ ബിജെപിയില്‍ നിന്ന് പോകാന്‍ സാധ്യതയുണ്ടെന്നാണ് മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ പൊളിറ്റിക്കല്‍ സയന്‍സ് വകുപ്പിന്റെ ചെയര്‍മാനായ പ്രൊഫ. മുസാഫിര്‍ അസാദിയുടെ വിലയിരുത്തല്‍. പിന്നോക്ക വിഭാഗങ്ങളെ ബിജെപി ബലിയാടുകളാക്കുകയാണ്. 70 കളിലും 80 കളിലും ഈ വിഭാഗക്കാര്‍ കോണ്‍ഗ്രസിനോട് കടപ്പെട്ടവരായിരുന്നു. അവര്‍ കോണ്‍ഗ്രസിനെ വീണ്ടും പിന്തുണയ്ക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 13 ഓളം യുവമോര്‍ച്ച നേതാക്കളാണ് രാജിവെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here