ഇന്ത്യയിലെ സാധാരണക്കാരുടെ ജീവിതത്തെ ഏറ്റവും കൂടുതൽ സ്വാധീനിച്ച ചെറുകാർ ഏതെന്ന് ചോദിച്ചാൽ വർഷങ്ങളായുള്ള ഉത്തരമാണ് മാരുതി സുസുക്കി ആൾട്ടോ. 40 ലക്ഷത്തിലധികം വിറ്റ ആൾട്ടോ തന്നെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റ പാസഞ്ചർ കാറും. അതിനിടയിൽ ഇടക്ക് വന്നുപോയ ആൾട്ടോ K10 എന്ന മോഡലും ഇന്ത്യക്കാരുടെ മനം കവർന്നു. ബിഎസ് 6 എമിഷൻ നോമുകൾ വന്നതോടെ ഇടക്കാലത്ത് ആൾട്ടോ കെ 10 മാരുതി അവസാനിപ്പിച്ചു.
രണ്ടു വർഷത്തെ ഇടവേളക്ക് ശേഷം ഇപ്പോൾ വീണ്ടും ആൾട്ടോ കെ 10 അവതരിപ്പിച്ചിരിക്കുകയാണ് മാരുതി സുസുക്കി. ലുക്കിലും വർക്കിലും മാറ്റങ്ങളോടെ തന്നെയാണ് പുതിയ ആൾട്ടോ കെ 10 എത്തിയിരിക്കുന്നത്. മൂന്നാം തലമുറ ആൾട്ടോ കെ 10 ആണ് ഇപ്പോൾ വിപണിയിലെത്തിയിരിക്കുന്നത്.
മാരുതിയുടെ തന്നെ പുതിയ സെലേറിയോയുമായാണ് ആൾട്ടോ കെ 10 ന് ലുക്കിൽ കൂടുതൽ സാമ്യം. മാരുതിയുടെ ഹേർട്ടാറ്ക്ട് പ്ലാറ്റ്‌ഫോമിലാണ് ആൾട്ടോ കെ 10 നിർമിച്ചിരിക്കുന്നത്. 3,530 എംഎം നീളം, 1,490 എംഎം വീതി, 1,520 എംഎം ഉയരവും ആൾട്ടോ കെ10 നുണ്ട്. നിലവിലെ ആൾട്ടോ 800 നേക്കാളും 85 എംഎം നീളവും 45 എംഎം ഉയരവും കൂടുതലാണ് ആൾട്ടോ കെ10 ന്. വീൽബേസിലേക്ക് വന്നാൽ ആൾട്ടോ 800 നേക്കാൾ 20 എംഎം വർധിപ്പിച്ച് 2,380 എംഎം ആണ്.
കൂടുതൽ ഉരുണ്ട രൂപമാണ് ആൾട്ടോ കെ 10 ന് നൽകിയിട്ടുള്ളത്. മുന്നിൽ വലിയ ഹെഡ്‌ലാമ്പ് യൂണിറ്റാണ് നൽകിയിരിക്കുന്നത്. പുതിയ ഹെക്‌സാഗണൽ ഷേപ്പിലുള്ള ഗ്രിൽ ഇന്ത്യയിൽ വിൽപ്പന അവസാനിപ്പിച്ച ഡാറ്റ്‌സൺ റെഡി ഗോയെ അനുസ്മരിപ്പിക്കുന്നുണ്ട്. മുന്നിലെ മെഷ് ഘടകവും കൂടി ചേരുന്നതോടെ ആകെപാടെ ഒരു ചിരിക്കുന്ന മുഖം ആൾട്ടോക്ക് ലഭിക്കുന്നുണ്ട്. അതേസമയം ഫോഗ് ലാമ്പ്, ഡിആർഎൽ എന്നിവ ഉൾപ്പെടുത്താനുള്ള ഓപ്ഷൻ ആൾട്ടോ കെ 10 ൽ ഇല്ല.