തീപിടിത്തത്തിൽ തകർന്ന ക്രിസ്ത്യൻ പള്ളിക്ക് 1.24 കോടി സംഭാവന ചെയ്ത് മുഹമ്മദ് സലാഹ്

0
413

കെയ്റോ: കഴിഞ്ഞയാഴ്ച ഈജിപ്തിൽ തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച ക്രിസ്ത്യൻ പള്ളിക്ക് വൻതുക സംഭാവന ചെയ്ത് ലിവർപൂളിന്റെ സൂപ്പർ താരം മുഹമ്മദ് സലാഹ്. 30 ലക്ഷം ഈജിപ്ഷ്യൻ പൗണ്ട്(ഏകദേശം 1.24 കോടി രൂപ) ആണ് ഈജിപ്ത് ദേശീയ ഫുട്‌ബോൾ ടീമിന്റെ നായകൻ കൂടിയായ സലാഹ് പള്ളിയുടെ പുനരുദ്ധാരണത്തിനായി സംഭാവന ചെയ്തത്.

കഴിഞ്ഞ ഞായറാഴ്ചയാണ് ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയുടെ വടക്കുപടിഞ്ഞാറൻ മേഖലയിലെ ഗിസായിലുള്ള കോപ്റ്റിക് പള്ളിയിൽ വൻതീപിടിത്തമുണ്ടായത്. അബൂസിഫീൻ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ നടന്ന ദുരന്തത്തിൽ 41 പേർ മരിച്ചിരുന്നു. 50ലേറെ പേർക്ക് പൊള്ളലേൽക്കുകയും ചെയ്തു. ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് കരുതപ്പെടുന്നത്. പള്ളിക്കതത്തെ എയർ കണ്ടീഷനൽ യൂനിറ്റിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടത്തിനിടയാക്കിയതെന്നാണ് അധികൃതർ പറഞ്ഞത്.

ഇതിനുമുൻപും ജീവകാരുണ്യ, സാമൂഹികപ്രവർത്തനങ്ങളിലൂടെ വാർത്തകളിൽ നിറഞ്ഞിട്ടുണ്ട് സലാഹ്. ബ്രിട്ടീഷ് മാധ്യമമായ ‘സൺഡേ ടൈംസ്’ പുറത്തുവിട്ട ബ്രിട്ടനിൽ ജീവിക്കുന്ന ഏറ്റവും ഉദാരമതികളായ വ്യക്തികളുടെ പട്ടികയിൽ എട്ടാമനാണ് സലാഹ്. 2.5 മില്യൻ പൗണ്ട്(ഏകദേശം 23 കോടി രൂപ) ആണ് ഈ വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സലാഹ് ചെലവിട്ടത്. 2019ൽ കാർ ബോംബ് സ്‌ഫോടനത്തിൽ തകർന്ന കെയ്‌റോയിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുനർനിർമാണത്തിനായി സലാഹ് മൂന്ന് മില്യൻ ഡോളർ(ഏകദേശം 23 കോടി രൂപ) സംഭാവന ചെയ്തതും വാർത്തയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here