അഞ്ചാലുംമൂട്: യുവാവിനെ അഷ്ടമുടിക്കായലിൽ കാണാതായതായി അഭ്യൂഹം പരന്നതോടെ അഗ്നിരക്ഷാസേനാവിഭാഗത്തിന്റെ സ്കൂബാ ടീം കായലിൽ പരിശോധന നടത്തി. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്ന യുവാവിനെ നാട്ടുകാർ കണ്ടെത്തി.
ചൊവ്വാഴ്ച പകലാണ് നാട്ടുകാരെയും വീട്ടുകാരെയും പോലീസിനെയും അഗ്നിരക്ഷാസേനയെയും വട്ടംചുറ്റിച്ച സംഭവങ്ങൾക്കു തുടക്കം. സ്ഥലവാസിയായ ആനന്ദ് (23) അഷ്ടമുടിക്കായൽതീരത്തിനുസമീപം മതിലിൽ കുളങ്ങര കായൽവാരത്ത് നിൽക്കുന്നതായി വള്ളക്കാർ കണ്ടിരുന്നു. കുറച്ചുകഴിഞ്ഞപ്പോൾ മൊബൈൽഫോണും ചെരിപ്പും ഒരു കുറിപ്പും കായൽതീരത്ത് ഇരിക്കുന്നതു ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ അഞ്ചാലുംമൂട് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കൊല്ലത്തുള്ള അഗ്നിരക്ഷാസേനാവിഭാഗത്തിന്റെ സ്കൂബാ സംഘം കായലിൽ പരിശോധന നടത്തി. പ്രതികൂല കാലാവസ്ഥയിൽ വൈകീട്ട് അഞ്ചുവരെ പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല.
സന്ധ്യയോടെ യുവാവ് സമീപത്ത് കുറ്റിക്കാട്ടിൽ ഒളിച്ചിരിക്കുന്നതുകണ്ട നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. രണ്ടുമാസംമുമ്പ് യുവാവ് എറണാകുളത്ത് ജോലിചെയ്ത സമയത്തും സമാനമായ സംഭവം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കാണാതായതുപ്രകാരം കേസെടുത്തതിനാൽ യുവാവിനെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് അഞ്ചാലുംമൂട് സ്റ്റേഷൻ ഇൻസ്പെക്ടർ സി.ദേവരാജൻ പറഞ്ഞു.