ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

0
231

തിരുവനന്തപുരം: ഹയർസെക്കൻഡറി പാഠപുസ്തകങ്ങളിൽ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള കേന്ദ്ര തീരുമാനം കേരളം അതേപടി നടപ്പിലാക്കില്ല. മുഗൾ രാജവംശം, ഗുജറാത്ത് കലാപം തുടങ്ങിയ ഭാഗങ്ങൾ ഒഴിവാക്കില്ല. ഇതുസംബന്ധിച്ച് എസ്.സി.ഇ.ആർ.ടി. റിപ്പോർട്ട് ഹയർസെക്കൻഡറി വകുപ്പിന് കൈമാറി.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായാണ് കേന്ദ്ര സർക്കാർ എൻ.സി.ഇ.ആർ.ടി. പാഠപുസ്തകങ്ങളുടെ ഉള്ളക്കത്തിൽ കുറവ് വരുത്തിയത്. കേരളത്തിൽ പ്ലസ് വൺ, പ്ലസ് ടു വിഭാഗങ്ങളിലാണ് എൻ.സി.ആർ.ടിയുടെ നിർദ്ദേശം അനുസരിച്ചുള്ള പാഠഭാഗങ്ങളുള്ളത്. പാഠഭാഗങ്ങളിൽ പ്രധാനമായും ഗുജറാത്ത് കലാപം, മുഗൾ രാജവംശത്തെക്കുറിച്ചുള്ള കാര്യങ്ങൾ, കർഷക സമരം തുടങ്ങിയവയാണ് എൻ.സി.ഇ.ആർ.ടി. ഒഴിവാക്കിയത്. ഇതുമായി ബന്ധപ്പെട്ട് എസ്.സി.ഇ.ആർ.ടി. പഠനം നടത്തുകയും വിദ്യാഭ്യാസ വകുപ്പിന് റിപ്പോർട്ട് സമർപ്പിക്കുകയുമായിരുന്നു. ഈ പാഠഭാഗങ്ങൾ ഒഴിവാക്കേണ്ടതില്ല എന്നാണ് പഠനത്തിൽ പറയുന്നത്.

ഗുജറാത്ത് കലാപം, മുഗൾ രാജവംശവിവരങ്ങൾ തുടങ്ങിയ ഭാഗങ്ങള്‍ ഒഴിവാക്കിയതിന് പിന്നിൽ രാഷ്ട്രീയമാണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചിരുന്നു. ഇതിനെ സാധൂകരിക്കുന്ന റിപ്പോർട്ടാണ് എസ്.സി.ഇ.ആർ.ടി. ഇപ്പോൾ വിദ്യാഭ്യാസ വകുപ്പിന് കൈമാറിയിരിക്കുന്നത്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാഭ്യാസ വകുപ്പ് തീരുമാനം എടുക്കുക. ഏതൊക്കെ പാഠഭാഗങ്ങൾ പഠിപ്പിക്കണം, പഠിപ്പിക്കേണ്ടതില്ല എന്ന് സംസ്ഥാനത്തിന് തീരുമാനിക്കാം എന്നാണ് എസ്.സി.ഇ.ആർ.ടി. വ്യക്തമാക്കുന്നത്. പാഠഭാഗങ്ങൾ ഒഴിവാക്കണമെന്ന് കേന്ദ്രം നിർദ്ദേശിച്ചാലും സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്നാണ് സംസ്ഥാനത്തിന്റെ വാദം.

പഠനഭാരം കുറക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരു തീരുമാനമെടുത്തിരിക്കുന്നത് എന്നായിരുന്നു കേന്ദ്രത്തിന്റെ വിശദീകരണം. എന്നാൽ ഈ ഭാഗങ്ങൾ നീക്കേണ്ടതില്ല എന്നാണ് ഇപ്പോൾ എസ്.സി.ഇ.ആർ.ടി. റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here