കോഴിക്കോട്: ജനാധിപത്യ സംരക്ഷണത്തിന്റെ പാതയിൽ കോൺഗ്രസിന് മുസ്ലിം ലീഗ് ശക്തമായി പിന്തുണ നൽകുമെന്ന് മുസ്ലിം ലീഗ് ദേശീയ ഉപദേശക സമിതി ചെയർമാനും സംസ്ഥാന പ്രസിഡന്റ്റുമായ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് നൽകിയ കത്തിൽ വ്യക്തമാക്കി.
തങ്ങൾ നൽകിയ കത്ത് മുസ്ലിം ലീഗ് പാർലമെന്റ് പാർട്ടി ലീഡറും ദേശീയ ഓർഗനൈസിംഗ് സെക്രട്ടറിയുമായ മുഹമ്മദ് ബഷീർ എം.പി., ഡോ. അബ്ദുസ്സമദ് സമദാനി എം.പി., നവാസ് ഗനി എം.പി. എന്നിവർ സോണിയ ഗാന്ധിക്ക് കൈമാറി.
കോൺഗ്രസ് നേരിട്ടുകൊണ്ടിരിക്കുന്ന വളരെ പ്രയാസകരമായ സാഹചര്യങ്ങളെ നേരിടാൻ മുസ്ലിം ലീഗിന്റെ സമ്പൂർണ്ണ പിന്തുണ തങ്ങൾ അറിയിച്ചു. തങ്ങളുടെ കത്തിന്റെ പൂർണ്ണ രൂപം ഇപ്രകാരം:
വിഷമ സാഹചര്യത്തിൽ കോൺഗ്രസിന് കൃത്യമായ പിന്തുണയും സഹകരണവും ആവർത്തിച്ചു പ്രഖ്യാപിക്കുന്നതിൽ മുസ്ലിം ലീഗിന് സന്തോഷമേയുള്ളൂ. ഇന്ന് തങ്ങളുടെ കയ്യിലുള്ള അധികാര ശക്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ അടക്കം ഉപയോഗപ്പെടുത്തി വളരെ നീചമായ വിധത്തിൽ ബി.ജെ.പി. ഗവൺമെന്റ് നടത്തിക്കൊണ്ടിരിക്കുന്ന ഹീനമായ പ്രവർത്തനങ്ങളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു.
ഔദ്യോഗിക സംവിധാനങ്ങൾ അത്രയും ബിജെപിയുടെ രാഷ്ട്രീയ ചട്ടുകമായി അവർ മാറ്റിയിട്ടുണ്ട്. ഇന്ന് നടക്കുന്ന കാര്യങ്ങൾ അത്രയും ബിജെപിയുടെ കുടിലമായ രാഷ്ട്രീയ ഒളി യജണ്ടകൾ നടപ്പിലാക്കുന്നതിന് വേണ്ടി ഉള്ളതാണെന്ന് സത്യമാണ്.
ഇന്ത്യയിലെ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും ഞെരിച്ചമർത്തുവാനുള്ള ജോലിയാണ് അവർ ഏറ്റെടുത്തിട്ടുള്ളത്.
രാജ്യത്തെ സമാന ചിന്താഗതിക്കാരായ എല്ലാ പ്രതിപക്ഷ പാർട്ടികളും തോളോട് തോൾ ചേർന്ന് ഈ ഫാസിസ്റ്റ് ചിന്താഗതിക്ക് എതിരായി ശക്തമായ രാഷ്ട്രീയ ചേരി ഒരുതിരിച്ചുവരേണ്ട കാലം അനിവാര്യമായ കാര്യമാണ്.
പ്രതിപക്ഷത്തെ പൂർണമായും നിശബ്ദമാക്കുക, പത്രമാധ്യമങ്ങളുടെ വായ മൂടി കെട്ടുക, എന്നിവയെല്ലാം അവർ ക്രൂര വിനോദമായി മാറ്റിയിട്ടുണ്ട് അവർ.
ഈ നാടിനെ അപ്രഖ്യാപിത അടിയന്തരാവസ്ഥയിലേക്ക് അവർ തള്ളിക്കൊണ്ടു പോവുകയാണ്.
ജനാധിപത്യത്തെ സംരക്ഷിക്കുവാനുള്ള ഈ പോരാട്ടത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എക്കാലത്തെയും പോലെ തീർച്ചയായും കൂടെയുണ്ടാകും തങ്ങൾ വിശദീകരിച്ചു.
മുസ്ലിംലീഗ് ഏതുകാലത്തും എടുത്തു പോന്ന നിലപാടിൽ സോണിയ ഗാന്ധി പ്രത്യേകം സന്തോഷം രേഖപ്പെടുത്തി.
തീർച്ചയായിട്ടും ഇത്തരം പ്രതിസന്ധി മറികടക്കുന്നതിൽ മുസ്ലിം ലീഗിനെ പോലുള്ള ജനാധിപത്യ സംഘടനകൾ എടുക്കുന്ന സമീപനം കൂടുതൽ ആർജ്ജവം നൽകുന്നതാണെന്നു കൂടി അവർ വ്യക്തമാക്കി. കോണ്ഗ്രസിനെ എൽ.ഡി.എഫ്. കൺവീനർ ഇ.പി. ജയരാജൻ തുടർച്ചയായി മുന്നണിയിലേക്ക് ക്ഷണിക്കുന്നുണ്ട്. ലീഗിലെ ഒരു വിഭാഗം ഇതിനോട് മൃതു സമീപനം സ്വീകരിക്കുന്നുവെന്ന് ആക്ഷേപമുണ്ട്. ഈ സാഹചര്യത്തിൽ സ്വാദിഖലി തങ്ങളുടെ കത്തിന് രാഷ്ട്രീയ പ്രാധാന്യം ഉണ്ട്.