കൊച്ചി ഫ്‌ളാറ്റിലെ കൊലപാതകം; അര്‍ഷാദ് കസ്റ്റഡിയില്‍, പിടികൂടിയത് കാസര്‍ഗോഡ് വെച്ച്

0
250

കൊച്ചിയിലെ ഫ്‌ളാറ്റില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസില്‍ പ്രതിയെന്ന് സംശയിക്കുന്ന അര്‍ഷാദ് പൊലീസ് കസ്റ്റഡിയില്‍. കര്‍ണാടകയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കാസര്‍ഗോഡ് അതിര്‍ത്തിയില്‍ വെച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. മംഗലാപുരത്തേക്ക് കടക്കാനായിരുന്നു ശ്രമം. കൊലപാതക വിവരം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് കാണാതായ അര്‍ഷദിനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരുന്നു.

മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൂടെയാണ് അര്‍ഷാദിനെ പിടികൂടിയത്. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്ത് വച്ചാണ് അര്‍ഷാദിന്റെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ ഇയാള്‍ വടക്കന്‍ കേരളത്തിലേക്ക് തന്നെയാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് ഉറപ്പിച്ചു.

അതിക്രൂരമായാണ് സജീവ് കൃഷ്ണയെ കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും കത്തി ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിച്ചെന്നാണ് പുതിയ കണ്ടെത്തല്‍. പോസ്റ്റ്മോര്‍ട്ടത്തിന്റെ ഭാഗമായുള്ള പരിശോധനയിലാണ് ഇത് കണ്ടെത്തിയത്. ശരീരത്തില്‍ 20ലധികം മുറിവുകളുണ്ടായിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇന്നലെയാണ് ഫ്‌ളാറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയില്‍ സജീവ് കൃഷ്ണയുടെ മൃതദേഹം കണ്ടെത്തിയത്. ശരീരമാസകലം കുത്തേറ്റ സജീവ് കൃഷ്ണയുടെ മൃതദേഹം പുതപ്പുകൊണ്ട് പൊതിഞ്ഞ് വരിഞ്ഞു കെട്ടിയ നിലയിലായിരുന്നു. പൈപ്പ് ഡെക്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here