ഏഷ്യ കപ്പ് ട്വന്റി20; ഇന്ത്യ-പാക് മത്സരം 28ന്

0
311

ദുബൈ: അയൽക്കാരായ പാകിസ്താനുമായി ഏറ്റുമുട്ടി ഏഷ്യ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയുടെ പോരാട്ടങ്ങൾക്ക് ആഗസ്റ്റ് 28ന് തുടക്കമാവും. ഇരു ടീമും സൂപ്പർ ഫോറിലും മുഖാമുഖം വരാൻ സാധ്യതയുണ്ട്.

തുടർന്ന് കൂടുതൽ പോയന്റ് നേടി ഫൈനലിലുമെത്തിയാൽ ഏഷ്യ കപ്പിന്റെ പ്രധാന ആകർഷണമായ ഇന്ത്യ-പാക് അങ്കം രണ്ടാഴ്ചക്കിടെ മൂന്ന് തവണ നടക്കും. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് ജയ്ഷാ ചൊവ്വാഴ്ച ഫിക്സ്ചർ പുറത്തിറക്കി. ഏഷ്യാ കപ്പിൽ ഏകദിന മത്സരങ്ങളാണ് നടന്നുവന്നിരുന്നതെങ്കിലും ട്വന്റി20 ലോകകപ്പ് ആസന്നമാവുന്ന സാഹചര്യത്തിലാണ് 15ാം എഡിഷൻ കുട്ടിക്രിക്കറ്റ് ഫോർമാറ്റിലേക്ക് മാറുന്നത്.

2016ലും ട്വന്റി20യായിരുന്നു. തൊട്ടടുത്ത് വരുന്ന ആഗോള മത്സരങ്ങൾക്ക് സമാനമാക്കുകയാണ് പുതിയ രീതി. ഏകദിന ലോകകപ്പിന് മുന്നോടിയായി അടുത്ത വർഷത്തെ ഏഷ്യ കപ്പും 50 ഓവർ മത്സരങ്ങളായിരിക്കും. 2018ൽ ദുബൈയിലാണ് ഏറ്റവും ഒടുവിൽ നടന്നത്. ഏകദിന ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായി. കോവിഡ് പ്രതിസന്ധിയിൽ 2020ലെത് നടന്നില്ല.

ദുബൈയിൽ പത്തും ഷാർജയിൽ മൂന്നും മത്സരങ്ങളാണ് ഇക്കുറി. ഫൈനൽ സെപ്റ്റംബർ 11ന് നടക്കും. ഇന്ത്യയും പാകിസ്താനും യോഗ്യത റൗണ്ട് ജയിച്ചുവരുന്ന ഒരു ടീമുമാണ് ഗ്രൂപ് എയിൽ. ശ്രീലങ്കയും ബംഗ്ലാദേശും അഫ്ഗാനിസ്താനും ഗ്രൂപ് ബിയിലും. ഓരോ ഗ്രൂപ്പിലെയും മികച്ച രണ്ട് ടീം സൂപ്പർ ഫോറിലെത്തും. തുടർന്ന് രണ്ടെണ്ണം ഫൈനലിലും.

LEAVE A REPLY

Please enter your comment!
Please enter your name here