എം.വി.ഡിയുടെ ക്യാമറകളെല്ലാം റെഡിയാണ്, നിയമം ലംഘിക്കുന്നവര്‍ക്കുള്ള പണി സെപ്റ്റംബര്‍ മുതല്‍ എത്തും

0
258

താഗത നിയമ ലംഘനങ്ങള്‍ പിടികൂടുന്നതിനായി മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച പുതിയ എ.ഐ. ക്യാമറകള്‍ നിരീക്ഷണത്തിന് സജ്ജമായി. സെപ്റ്റംബര്‍ മാസത്തിന്റെ തുടക്കത്തോടെ ഇവയുടെ പ്രവര്‍ത്തനം പൂര്‍ണതോതില്‍ എത്തുമെന്നാണ് വിലയിരുത്തല്‍. 225 കോടി മുടക്കി 675 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജെന്‍സ് (എ.ഐ) ക്യാമറകളും ട്രാഫിക് സിഗ്‌നല്‍ ലംഘനം, അനധികൃത പാര്‍ക്കിങ് എന്നിവ കണ്ടെത്താനുള്ള ക്യാമറകളുമടക്കം ആകെ 726 ക്യാമറകളാണ് സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ സ്ഥാപിച്ചത്.

സെപ്റ്റംബര്‍ മുതല്‍ ക്യാമറകളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം നിയമലംഘനം നടത്തുന്നവര്‍ക്ക് പിഴയടയ്ക്കാനുള്ള നോട്ടീസ് നല്‍കാനാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. നിയമലംഘനം കണ്ടെത്തിയാല്‍ രണ്ടാം ദിവസം വാഹന ഉടമയുടെ മൊബൈലിലേക്ക് മെസേജായും പിന്നാലെ തപാല്‍ വഴിയും പിഴ അടയ്ക്കാനുള്ള അറിയിപ്പ് എത്തുന്ന രീതിയാണ് പിന്തുടരുക.അമിതവേഗത്തില്‍ സഞ്ചരിക്കുന്ന വാഹനങ്ങളെ പിടിക്കാന്‍ പുതിയ ക്യാമറകളില്‍ സാധിക്കില്ല. അതിനാല്‍ നിലവിലെ ട്രാഫിക് ക്യാമറകള്‍ തുടര്‍ന്നും ഉപയോഗിക്കും.

പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഇവ റോഡരികില്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കിയിരുന്നു. ക്യാമറകളുടെ നിയന്ത്രണത്തിനായി കണ്‍ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുകയും ചെയ്തു. എന്നാല്‍, വാഹനങ്ങളെ സംബന്ധിച്ച് നാഷണല്‍ ഇന്‍ഫൊര്‍മാറ്റിക് സെന്ററിന്റെ ഡാറ്റകള്‍ കിട്ടാന്‍ വൈകിയതാണ് എ.ഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത് വൈകാന്‍ കാരണം.

ഹെല്‍മെറ്റ് ധരിക്കാതെയുള്ള ഇരുചക്രവാഹനയാത്ര, സീറ്റ്‌ബെല്‍റ്റ് ധരിക്കാതെയുള്ള കാറുകളിലെ യാത്ര, അനുവദനീയമായതിലും കൂടുതല്‍ ആളുകളെ വാഹനത്തില്‍ കയറ്റി യാത്ര ചെയ്യുന്നത്, ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് എ.ഐ ക്യാമറ വഴി തിരിച്ചറിയാനാകുക. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങള്‍ ക്യാമറകള്‍ വഴി അതാത് സമയം കണ്‍ട്രോള്‍ റൂമുകളിലേക്കെത്തും. ജില്ലാ കണ്‍ട്രോള്‍ റൂമുകള്‍ വഴി ഇ-ചെലാന്‍ സംവിധാനത്തിലാകും പിഴ ഈടാക്കുക.

പാതയോരങ്ങളിലെ പ്രധാനപ്പെട്ട സ്ഥലങ്ങളിലെ പാര്‍ക്കിങ് ലംഘനങ്ങള്‍ കണ്ടെത്താനായി 25 ക്യാമറകളും ട്രാഫിക് സിഗ്‌നല്‍ ലംഘനം കണ്ടെത്താന്‍ 18 ക്യാമറകളുമാണ് സ്ഥാപിച്ചിരിക്കുന്നത്. തിരുവനന്തപുരം 81, എറണാകുളം 62, കോഴിക്കോട് 60 എന്നിങ്ങനെയാണ് ട്രാഫിക് ക്യാമറകള്‍ കൂടുതല്‍ സ്ഥാപിച്ചിരിക്കുന്ന ജില്ലകള്‍. മിക്ക ജില്ലകളിലും നാല്‍പതിലധികം ക്യാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ദേശീയ- സംസ്ഥാന പാതകളിലും പ്രധാനപ്പെട്ട മറ്റ് സ്ഥലങ്ങളിലും ഇത്തരം ക്യാമറകളുണ്ട്.

പിഴ ഇങ്ങനെ

  • ഹെല്‍മറ്റില്ലാതെ ബൈക്ക് ഓടിച്ചാല്‍ 500 രൂപ.
  • ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്താല്‍ 500 രൂപ.
  • മൂന്നുപേര്‍ ബൈക്കില്‍ യാത്ര ചെയ്താല്‍ 1,000 രൂപ. (4 വയസ്സിന് മുകളില്‍ പ്രായമുള്ള കുട്ടിയെ യാത്രക്കാരനായി പരിഗണിക്കും).
  • വാഹന യാത്രയ്ക്കിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ 2,000 രൂപ.
  • സീറ്റ് ബെല്‍റ്റ് ഇടാതെ വാഹനം ഓടിച്ചാല്‍ 500 രൂപ.
  • നിയമവിധേയമല്ലാതെ ക്രാഷ് ഗാര്‍ഡ്, എക്‌സ്ട്രാ ഫിറ്റിങ്‌സ് എന്നിവ കണ്ടെത്തിയാല്‍ 5,000 രൂപ.
  • അപകടകരമായ വിധം വാഹനത്തിന് പുറത്തേക്ക് തള്ളിനില്‍ക്കുന്നവിധം ലോഡ് കയറ്റിയാല്‍ 20,000 രൂപ.

LEAVE A REPLY

Please enter your comment!
Please enter your name here