സംസ്ഥാനത്തെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും ദേശീയ പതാക ഉയര്‍ത്തണം, നിര്‍ദ്ദേശം നല്‍കി മുഖ്യമന്ത്രി

0
279

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികത്തിന് സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ദേശീയപതാക ഉയരും. സ്വാതന്ത്ര്യദിനം പ്രമാണിച്ച് പരമാവധി സ്ഥലങ്ങളില്‍ ദേശീയ പതാക ഉയര്‍ത്താനാണ് സര്‍ക്കാരിന്റെ നിര്‍ദേശം.

ആഗസ്റ്റ് 13 മുതല്‍ 15 വരെ ദേശീയ പതാക ഉയര്‍ത്തണം. ആഗസ്ത് 13ന് പതാക ഉയര്‍ത്തി 15 വരെ നിലനിര്‍ത്താവുന്നതാണ്. ഇക്കാലയളവില്‍ രാത്രികാലങ്ങളില്‍ പതാക താഴ്‌ത്തേണ്ടതില്ല. ഇതിനായി ഫ്‌ളാഗ് കോഡില്‍ മാറ്റം വരുത്തിയിട്ടുണ്ട്.

ഇതിനായി കുടുംബശ്രീ മുഖേന ദേശീയപതാകയും നിര്‍മ്മിക്കും. ഖാദി, കൈത്തറി മേഖലകളെയും പതാക ഉല്‍പാദനത്തില്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട് വിപുലമായ പരിപാടികള്‍ നടത്താനും മുഖ്യമന്ത്രി വിളിച്ച ജില്ലാ കലക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായി.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വീടുകളിലും ദേശീയ പതാക ഉയര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.  സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം പ്രമാണിച്ച് ആഗസ്ത് 13 മുതല്‍ 15 വരെ വീടുകളില്‍ ദേശീയപതാക പ്രദര്‍ശിപ്പിക്കണമെന്നാണ് മോദി ആഹ്വാനം ചെയ്തത്. ഇതോടെ ദേശീയപതാകയുമായുള്ള ബന്ധം കൂടുതല്‍ ആഴത്തിലാകുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here