ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള രജിസ്ട്രേഷൻ നമ്പർ ഇതാണ്; മുടക്കിയത് 132 കോടി

0
221

ലോകത്തിലെ വിലപിടിപ്പുള്ള വസ്തുക്കളിൽ ഒന്നാണ് വാഹനങ്ങൾ. ആയിരങ്ങൾ മുതൽ ശതകോടികൾവരെ വിലയുള്ള വാഹനങ്ങൾ ലോകത്തുണ്ട്. എന്നാൽ ഈ വാഹനത്തിൽ പതിക്കുന്ന നമ്പറിന് ഒരാൾക്ക് എത്ര രൂപവരെ മുടക്കാം. നമ്മുടെ നാട്ടിൽ ഒരു നമ്പരിനായി ലക്ഷങ്ങൾ മുടക്കുന്ന ആളുകളൊക്കെ ഉള്ളതാണ്. എന്നാലിനി പറയാൻ പോകുന്നത് ലോകത്തിലെ ഏറ്റവും മൂല്യമുള്ള രജിസ്ട്രേഷൻ നമ്പരിനെപറ്റിയാണ്. ഇന്ത്യയിലല്ല ഈ നമ്പർ നിലവിലുള്ളത്. അങ്ങ് യു.കെയിലാണ്. ഈ നമ്പരിനായി ഒരാൾ മുടക്കിയിരിക്കുന്നതാകട്ടെ 132 കോടി രൂപയും.

ലോകത്തിലെ ഏറ്റവും ചിലവേറിയ സ്​പോർട്സ് മത്സരമാണ് ഫോർമുല വൺ. എഫ് വൺ എന്നാണ് ഫോർമുല വണ്ണിന്റെ ചുരുക്കപ്പേര്. യു.കെയിൽ ഉള്ള ആ വിലപിടിപ്പുള്ള നമ്പരും എഫ് വൺ എന്നതാണ്. ബ്രിട്ടനിലെ ഏറ്റവും ജനപ്രിയമായ വാഹന നമ്പരാണ് എഫ് വൺ. വിലകൂടിയതുകാരണം ബുഗാട്ടി വെയ്റോൺ മക്‍ലാരൻ എസ്‌എൽആർ തുടങ്ങിയ ഹൈ-എൻഡ് പെർഫോമൻസ് വാഹനങ്ങളിലാണ് സാധാരണ ഈ നമ്പർ കാണാറുള്ളത്. പരിമിത കാലത്തേക്കും ഈ നമ്പർ സ്വന്തമാക്കാം എന്നതും ലോകത്തിലെ ഏറ്റവും ചെറിയ വാഹന രജിസ്ട്രേഷൻ നമ്പരുകളിൽ ഒന്നാണിതെന്നതും പ്രത്യേകതയാണ്.

1904 മുതൽ എസെക്‌സ് സിറ്റി കൗൺസിലിന്റെ ഉടമസ്ഥതയിലുള്ളതാണ് എഫ് വൺ നമ്പർ പ്ലേറ്റ്. ഈ നമ്പർ ആദ്യമായി ലേലത്തിൽ വെച്ചത് 2008ലാണ്. നിലവിൽ യുകെ ആസ്ഥാനമായുള്ള കാൻ ഡിസൈൻസ് ഉടമ അഫ്സൽ ഖാനാണ് നമ്പർ സ്വന്തമാക്കിയിരിക്കുന്നത്. തന്റെ ബുഗാട്ടി വെയ്‌റോണിന് വേണ്ടി അദ്ദേഹം നമ്പർ വാങ്ങിയത് ഏകദേശം 132 കോടി രൂപ നൽകിയാണ്. 50 മുതൽ 75 കോടി വിലവരുന്ന കാറാണ് വെയ്റോൺ. അതിനായാണ് അഫ്സൽ ഖാൻ 132 കോടി വിലവരുന്ന നമ്പർ സ്വന്തമാക്കിയത്.

നമ്പരിന്റെ ചരിത്രം

എഫ് വൺ എന്ന രജിസ്ട്രേഷൻ നമ്പറിന്റെ ചരിത്രത്തിലേക്ക് കടന്നാൽ, ഇത് ആദ്യം ലേലത്തിൽ വിറ്റത് നാല് കോടി രൂപയ്ക്കാണ്. തുടർന്ന് ഇതിന്റെ മൂല്യം ക്രമത്തിൽ വർധിച്ചുവന്നു. നിലവിൽ ലോകത്തിലെ ഒരു വാഹനത്തിന്റെ ഏറ്റവും ചെലവേറിയ രജിസ്ട്രേഷൻ നമ്പറുകളിൽ ഒന്നാണിത്.

ഒരു രജിസ്‌ട്രേഷൻ നമ്പറിന് വേണ്ടി മാത്രം വലിയ തുക മുടക്കുന്ന ആളുകളെ നമ്മൾ കാണുന്നത് ഇതാദ്യമല്ല. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉദാഹരണത്തിന് അബുദാബിയിൽ, ഒരു ഇന്ത്യൻ വ്യവസായി “D5” എന്ന് എഴുതിയ ഒരു രജിസ്ട്രേഷൻ നമ്പർ അടുത്തിടെ വാങ്ങിയിരുന്നു. എഫ് വൺ പ്ലേറ്റിന്റെ അത്ര വിലയില്ലെങ്കിലും 67 കോടിയോളം രൂപയാണ് അദ്ദേഹം അന്ന് മുടക്കിയത്. അബുദാബി ആസ്ഥാനമായുള്ള മറ്റൊരു വ്യവസായി 66 കോടി നൽകി ഒന്ന് (1) മാത്രമുള്ള രജിസ്ട്രേഷൻ നമ്പരും വാങ്ങിയിരുന്നു.

ഒരു രജിസ്ട്രേഷൻ നമ്പറിനായി ആളുകൾ ഇത്രയധികം പണം മുടക്കുന്നതിന് നിരവധി കാരണങ്ങളുണ്ട്. ചിലർ ഭാഗ്യ സംഖ്യകൾ തിരഞ്ഞെടുക്കുന്നു. ചിലർ അവരുടെ ജ്യോതിഷ ചിഹ്നം, ജന്മദിനം അല്ലെങ്കിൽ മറ്റേതെങ്കിലും ഘടകങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്ന രജിസ്ട്രേഷൻ നമ്പറാകും വാങ്ങുക. കൂടാതെ, നടൻ മമ്മൂയെപ്പോലെ ചില നമ്പറുകൾ ഇഷ്ടപ്പെടുകയും അവരുടെ എല്ലാ വാഹനങ്ങളുടെയും രജിസ്ട്രേഷൻ നമ്പറിൽ ഏകതാനത നിലനിർത്താൻ തുടർച്ചയായി അത് വാങ്ങുകയും ചെയ്യുന്നവരുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here