ബെംഗളൂരു: കര്‍ണാടകയിലെ യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാരുവിന്റെ കൊലപാതകത്തിന് പിന്നാലെ ശക്തമായ നടപടി ആവശ്യപ്പെട്ട് പാര്‍ട്ടി എം.എല്‍.എ. രേണുകാചാര്യ. കുറ്റക്കാരെ ഏറ്റുമുട്ടലില്‍ വധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നടപടി കൈക്കൊള്ളുന്നതില്‍ സംസ്ഥാനസര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്നും രേണുകാചാര്യ ഭീഷണി മുഴക്കി.
ഹൊന്നാലിയില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എയാണ് രേണുകാചാര്യ. അധികാരത്തേക്കാള്‍ തനിക്ക് പ്രധാനം ഹിന്ദു പ്രവര്‍ത്തകരുടെ സംരക്ഷണമാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്വീറ്റുകളിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഹിന്ദു പ്രവര്‍ത്തകര്‍ കൊല്ലപ്പെടുമ്പോഴെല്ലാം നാം അനുശോചിക്കുകയും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെടുകയും ചെയ്യും. വെറും ഓം ശാന്തി പോസ്റ്റുകള്‍ കൊണ്ട് യാതൊരു കാര്യവുമില്ല. ആളുകള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കണമെങ്കില്‍, ദുര്‍മാര്‍ഗികളെ തെരുവില്‍വെച്ച് എന്‍കൗണ്ടര്‍ ചെയ്യണം- രേണുകാചാര്യ ട്വീറ്റ് ചെയ്തു.
ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ മാതൃകയിലുള്ള നടപടികള്‍ കര്‍ണാടക സര്‍ക്കാരും സ്വീകരിക്കണം. എങ്കില്‍ മാത്രമേ സര്‍ക്കാരിന്റെയും സംഘത്തിന്റെയും പ്രതിച്ഛായ സംരക്ഷിക്കാനാകൂ. ഹിന്ദുക്കളെ സംരക്ഷിക്കാന്‍ സാധിക്കുന്നില്ലായെങ്കില്‍, പിന്നെ അധികാരത്തില്‍ തുടരുന്നതുകൊണ്ട് എന്താണ് കാര്യമെന്നും രേണുകാചാര്യ ആരാഞ്ഞു. ഹിന്ദുസമൂഹത്തിന്റെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സര്‍ക്കാരിനു സാധിക്കുമെങ്കില്‍ മാത്രമേ താന്‍ സര്‍ക്കാരില്‍ തുടരുകയുള്ളൂവെന്നും അല്ലാത്തപക്ഷം രാജിവെക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച രാത്രിയാണ് യുവമോര്‍ച്ചാ പ്രവര്‍ത്തകനായ പ്രവീണ്‍ കൊല്ലപ്പെട്ടത്. ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെ സ്വദേശിയാണ് ഇദ്ദേഹം.