മറ്റൊരു സ്ത്രീയെ സ്വപ്നം കണ്ടു, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചു

0
841

ഉറങ്ങിക്കിടന്ന ഭർത്താവിന്റെ സ്വകാര്യഭാഗത്ത് ചൂടുവെള്ളം ഒഴിച്ചതിന് ഒരു ബൊളീവിയൻ സ്ത്രീയെ അടുത്തിടെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ, അതിന്റെ കാരണമാണ് അതിലും ഞെട്ടിക്കുന്നത്. അയാൾ മറ്റൊരു സ്ത്രീയെ സ്വപ്നം കണ്ടു എന്നതായിരുന്നു ഭാര്യ കണ്ടെത്തിയ കുറ്റം.

കഴിഞ്ഞ ആഴ്ച ബൊളീവിയൻ നഗരമായ ലാപാസിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. പൊള്ളലേറ്റ ഭർത്താവിന് 45 വയസ്സായിരുന്നു. ഭർത്താവ് ഉറക്കത്തിൽ മറ്റൊരു സ്ത്രീയോട് തന്റെ ഇഷ്ടം വെളിപ്പെടുത്തിയെന്നാണ് ഭാര്യയുടെ ആരോപണം. അയാൾ ഉറക്കത്തിൽ മറ്റൊരു പെണ്ണിനോട് പ്രണയം തുറന്ന് പറയുന്നത് കേട്ട ഭാര്യ പ്രകോപിതയായി നേരെ അടുക്കളയിലേക്ക് ചെന്നു. ഒരു പാത്രത്തിൽ വെള്ളം തിളപ്പിച്ച് അതുമായി മുറിയിൽ വന്ന്, അത് അയാളുടെ ജനനേന്ദ്രിയത്തിൽ ഒഴിച്ചു കൊടുത്തു. തുടർന്ന്, സ്വകാര്യഭാഗത്തും കൈയിലും പുറകിലും രണ്ടാം ഡിഗ്രി പൊള്ളലേറ്റ അയാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

“എന്റെ ഭർത്താവ് ഉറക്കത്തിൽ മറ്റൊരു സ്ത്രീയോട് കൊഞ്ചിക്കുഴയുന്നത് കണ്ടപ്പോൾ എനിക്ക് ദേഷ്യം വന്നു. ഞാൻ അടുക്കളയിൽ പോയി ഒരു പാത്രം നിറയെ വെള്ളം തിളപ്പിച്ച്, അതുകൊണ്ടു വന്ന് അങ്ങേരുടെ ദേഹത്ത് ഒഴിച്ചു കൊടുത്തു” അവൾ പറഞ്ഞു.

എന്നാൽ, അയാൾ എങ്ങനെയാണ് ആശുപത്രിയിൽ എത്തിയതെന്ന് വ്യക്തമല്ല. ഇര പൊലീസിനെ അറിയിച്ചോ, അതോ വേദന കൊണ്ട് അലറി വിളിക്കുന്നത് അയൽക്കാർ കേട്ട് അവിടെ എത്തിയോ എന്നത് വെളിവായിട്ടില്ല. എന്ത് തന്നെയായാലും, അധികാരികൾ ഈ കേസിൽ ഇപ്പോൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് ടിഎൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്യുന്നത്. അതേസമയം, ഇത് ആദ്യമായല്ല ഇയാൾ ഭാര്യയിൽ നിന്ന് പീഡനമേൽക്കുന്നത് എന്ന് ലാപാസിലെ സ്പെഷ്യൽ ക്രൈം ഫൈറ്റിംഗ് ഫോഴ്‌സിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജുവാൻ ജോസ് ഡോണയർ പറഞ്ഞു.

ഇതിന് മുൻപൊരിക്കൽ ദേഷ്യം വന്നതിനെ തുടർന്ന് അവൾ അയാളുടെ മേൽ മദ്യം ഒഴിച്ച് പച്ചയ്ക്ക് തീകൊളുത്താൻ ശ്രമിച്ചതായും റിപ്പോർട്ടുണ്ട്. എന്നാൽ അന്നും ഭർത്താവിന്റെ എന്ത് പ്രവൃത്തിയാണ് സ്ത്രീയെ ഈ വിധം ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് വ്യക്തമല്ല. അതിന്റെ കാരണം വ്യക്തമല്ലെങ്കിലും, കൊടുംക്രൂരതയാണ് ഇത്തവണ അവൾ ചെയ്തതെന്ന് ഓൺലൈനിൽ ആളുകൾ പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here