മംഗളൂരുവിലെ യുവാവിന്റെ കൊലപാതകം; പത്ത് പേര്‍ കസ്റ്റഡിയില്‍, ചോദ്യം ചെയ്യുന്നു

0
241

കര്‍ണാടകയിലെ മംഗളൂരു സൂറത്കലില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പത്ത് പേര്‍ കസ്റ്റഡിയില്‍. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കസ്റ്റഡിയില്‍ ആയിരിക്കുന്നത്. ഇവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഇന്നലെയായിരുന്നു കൊലപാതകം. സൂറത്കല്‍ സ്വദേശി ഫാസില്‍ ആണ് മരിച്ചത്.

ഹ്യുണ്ടായി കാറില്‍ എത്തിയവരാണ് ഫാസിലിനെ ആക്രമിച്ചതെന്ന്് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സാമ്പത്തിക തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. മുഖംമൂടി ധരിച്ചെത്തിയ നാലംഗ സംഘമാണ് ആക്രമിച്ചത്. തുടര്‍ച്ചയായ കൊലപാതകങ്ങളെയും സംഘര്‍ഷങ്ങളെയും തുടര്‍ന്ന് ദക്ഷിണ കന്നഡമേഖലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

പ്രദേശത്ത് വന്‍ പൊലീസ് സന്നാഹത്തെയാണ് നിയോഗിച്ചിരിക്കുന്നത്. സ്‌കൂളുകളും കോളജുകളും അടച്ചു. മദ്യശാലകളും അടച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയിലെ നമസ്‌കാരം വീടുകളില്‍ നടത്താനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജൂലൈ 26 ന് യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരൂവിനെയും ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് മംഗളൂരുവിലും പരിസരത്തും വലിയ സംഘര്‍ഷാവസ്ഥയാണ് ഉണ്ടായിരുന്നത്. കേസിലെ പ്രതികള്‍ കേരളത്തിലേക്ക് കടന്നെന്ന സൂചനയെത്തുടര്‍ന്ന് അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫാസിലിന്റെ കൊലപാതകം.

 

LEAVE A REPLY

Please enter your comment!
Please enter your name here