കര്‍ണാടകയിലെ മംഗളൂരുവില്‍ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തില്‍ 11 പേര്‍ കൂടി കസ്റ്റഡിയില്‍. സൂറത്കല്‍ സ്വദേശി ഫാസിലാണ് മരിച്ചത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ക്രിമിനല്‍ പശ്ചാത്തലമുള്ള ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. കസ്റ്റഡിയില്‍ ഉള്ളവരെ ചോദ്യം ചെയ്യുകയാണ്. ആരും കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരല്ലെന്നാണ് സൂചന.
പ്രത്യേകം രൂപീകരിച്ച സംഘമാണ് കേസ് അന്വേഷിക്കുന്നത്അതേസമയം തുടര്‍ച്ചയായ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ മംഗളൂരുവില്‍ നിരോധനാജ്ഞ തുടരുകയാണ്. ആഗസ്റ്റ് ആറ് തിങ്കളാഴ്ച വരെ നിരോധനാജ്ഞ നീട്ടി. നേരത്തെ ശനിയാഴ്ച വരെ ആയിരുന്നു നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്.
ആവശ്യ സര്‍വ്വീസുകള്‍ ഒഴികെ രാത്രി കാല യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. വ്യാപാര സ്ഥാപനങ്ങള്‍ വൈകിട്ട് ആറു മുതല്‍ രാവിലെ ആറു വരെ അടച്ചിടണം. ദീര്‍ഘദൂര യാത്ര നടത്തുന്നവര്‍ ടിക്കറ്റ് കയ്യില്‍ കരുതണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത മുന്‍ നിര്‍ത്തി കേരളത്തിലേക്കുള്ള അതിര്‍ത്തികളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
അതേസമയം യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നട്ടാരുവിന്റെ കൊലപാതകത്തില്‍ എന്‍ഐഎ പ്രാഥമിക അന്വേഷണം ഉടന്‍ ആരംഭിച്ചേക്കും. കേസില്‍ ഇതുവരെ രണ്ടു പേര്‍ മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. പൊലീസിന്റെ അന്വേഷണത്തിനെതിരെ ബി.ജെ.പി പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വന്നതോടെയാണ് കേസ് എന്‍.ഐഎക്ക് കൈമാറിയത്.