പുതിയ മുന്നറിയിപ്പും പുതിയ ചിത്രങ്ങളുമായി പുകയില ഉല്‍പ്പന്നങ്ങള്‍; നിര്‍ദേശം നല്‍കി കേന്ദ്രം

0
287

ന്യൂദല്‍ഹി: പുകയില ഉല്‍പ്പന്നങ്ങളുടെ പായ്ക്കുകളിലെ മുന്നറിയിപ്പുകളില്‍ മാറ്റം വരുത്താനൊരുങ്ങി കേന്ദ്രം. മുന്നറിയിപ്പിലും ചിത്രങ്ങളിലും മാറ്റം വരുത്താനാണ് നിര്‍ദേശം.

2022 ഡിസംബര്‍ 1-നോ അതിനു മുമ്പ് നിര്‍മിച്ചതോ, ഇറക്കുമതി ചെയ്തതോ, പാക്ക് ചെയ്തതോ ആയ എല്ലാ പുകയില ഉല്‍പ്പന്നങ്ങളിലും ഒരു പുതിയ ചിത്രവും രണ്ട് പുതിയ മുന്നറിയിപ്പുകളും പ്രദര്‍ശിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വെള്ളിയാഴ്ച അറിയിച്ചു.

2008ലെ സിഗരറ്റ്, മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെ പാക്കേജിങ് ആന്‍ഡ് ലേബലിങ് റൂള്‍സ്, ജൂലൈ 21 ന് ഭേദഗതി ചെയ്തിരുന്നു. ഇതുപ്രകാരം എല്ലാ പുകയില ഉല്‍പ്പന്ന പായ്ക്കുകള്‍ക്കും പുതിയ ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചതായി വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഡിസംബര്‍ 1 മുതല്‍ ഇത് ബാധകമാകും.

ഡിസംബര്‍ 1-നോ അതിനുമുമ്പോ നിര്‍മിക്കുകയും ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന എല്ലാ പുകയില ഉല്‍പ്പന്നങ്ങളിലും ‘പുകയില വേദനാജനകമായ മരണത്തിന് കാരണമാകുന്നു’ എന്ന നിര്‍ബന്ധിത മുന്നറിയിപ്പ് ഉണ്ടായിരിക്കും.

കൂടാതെ രണ്ട് ചിത്രങ്ങളും തിരഞ്ഞെടുത്തിട്ടുണ്ട്, അവയിലൊന്ന് ഈ വാചക മുന്നറിയിപ്പിനൊപ്പം ഉപയോഗിക്കും. ഡിസംബര്‍ 1-ന് ശേഷമുള്ള ഒരു വര്‍ഷത്തേക്ക് ഈ ചിത്രവും ടെക്സ്റ്റ് മുന്നറിയിപ്പും തുടരും.

പുതിയ ആരോഗ്യ മുന്നറിയിപ്പുകള്‍ പ്രകാരം 2023 ഡിസംബര്‍ 1-നോ അതിനുശേഷമോ നിര്‍മിക്കുന്നതോ, ഇറക്കുമതി ചെയ്യുന്നതോ, പാക്ക് ചെയ്യുന്നതോ ആയ പുകയില ഉല്‍പപ്പന്നങ്ങളില്‍ ‘പുകയില ഉപയോക്താക്കള്‍ ചെറുപ്പത്തില്‍ മരിക്കും’ എന്ന വാചകത്തോടൊപ്പം ആരോഗ്യ മുന്നറിയിപ്പുള്ള രണ്ടാമത്തെ ചിത്രവും പ്രദര്‍ശിപ്പിക്കും.

”സിഗരറ്റിന്റെയോ ഏതെങ്കിലും പുകയില ഉല്‍പ്പന്നങ്ങളുടെയോ ഉല്‍പ്പാദനം, വിതരണം, ഇറക്കുമതി എന്നിവയില്‍ നേരിട്ടോ അല്ലാതെയോ ഏര്‍പ്പെട്ടിരിക്കുന്ന ഏതൊരു വ്യക്തിയും, എല്ലാ പുകയില ഉല്‍പ്പന്ന പാക്കുകളിലും നിര്‍ദേശിച്ചിരിക്കുന്നതുപോലെ തന്നെ നിര്‍ദിഷ്ട ആരോഗ്യ മുന്നറിയിപ്പുകള്‍ ഉണ്ടെന്ന് ഉറപ്പാക്കണം,” എന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

പുതിയ വ്യവസ്ഥയുടെ ലംഘനം സിഗരറ്റിന്റെയും മറ്റ് പുകയില ഉല്‍പ്പന്നങ്ങളുടെയും പരസ്യം നിരോധിക്കല്‍, വ്യാപാര വാണിജ്യ നിയന്ത്രണം, ഉല്‍പ്പാദനം, വിതരണം, എന്നിവ സംബന്ധിച്ച 2003ലെ നിയമത്തിന്റെ 20-ാം വകുപ്പ് പ്രകാരം തടവോ പിഴയോ ഉള്ള ശിക്ഷാര്‍ഹമായ കുറ്റമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.

19 ഭാഷകളില്‍ നിര്‍ദിഷ്ട ആരോഗ്യ മുന്നറിയിപ്പുകള്‍ ഔദ്യോഗിക വെബ്‌സൈറ്റുകളില്‍ ലഭ്യമാകുമെന്നും മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here