പാടത്ത് സെറ്റിട്ട് ‘ഐ.പി.എൽ’; കമന്ററി പറയാൻ ഹർഷ ബോഗ്ലെ, പറ്റിച്ചത് റഷ്യക്കാരെ, ഇങ്ങനെയുമൊരു തട്ടിപ്പ്

0
140

ഗാന്ധിനഗർ: വ്യാജ ഐ.പി.എൽ സംഘടിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ സംഘത്തെ പൊലീസ് പൊക്കി. ഗുജറാത്തിലെ മെഹ്‌സാന ജില്ലയിലാണ് പാടത്ത് സെറ്റ് ഇട്ട് സംഘം വ്യാജ ഐപിഎൽ സംഘടിപ്പിച്ചത്. റഷ്യൻ വാതുവെപ്പുകാരെ വലയിലാക്കാനാണ് സംഘം പ്രവർത്തിച്ചിരുന്നത്. വിശ്വാസ്യതക്ക് വേണ്ടി അനുകരണത്തിലൂടെ ഹർഷ ബോഗ്ലെയുടെ കമന്ററിയും നല്‍കി.

ഗുജറാത്തിലെ മെഹസാന ജില്ലയിൽ മൊളിപുർ ഗ്രാമത്തിലാണ് ഈ ഹൈടെക്ക് തട്ടിപ്പ് നടന്നത്. മുംബൈ ഇന്ത്യൻസ്, ചെന്നൈ സൂപ്പർ കിംഗ്സ്, ഗുജറാത്ത് ടൈറ്റൻസ് എന്നീ ടീമുകളുടെ ജഴ്സിയണിഞ്ഞ ചില യുവാക്കളാണ് വ്യാജ ഐപിഎലിൽ കളിച്ചത്. 400 രൂപ ദിവസക്കൂലിക്ക് ഇവരെ സംഘാടകർ എത്തിക്കുകയായിരുന്നു എന്നാണ് വിവരം. അമ്പയർമാരു വ്യാജ വോക്കി ടോക്കികളും വിവരങ്ങള്‍ പങ്കുവെക്കാന്‍ ടെലഗ്രാം ചാനലും സൃഷ്ടിച്ചു. ഈ ടെലഗ്രാം ചാനലിലൂടെയായിരുന്നു തട്ടിപ്പുകളത്രയും.

നാലഞ്ച് ക്യാമറകൾ കൊണ്ട് മത്സരങ്ങൾ ഷൂട്ട് ചെയ്ത് അവ യൂട്യൂബിൽ ടെലികാസ്റ്റ് ചെയ്തു. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഇന്റർനെറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ക്രൗഡ്- നോയ്സ് സൗണ്ട് ഇഫക്റ്റുകൾ വീഡിയോയിൽ ഉൾപ്പെടുത്തിയിരുന്നു. ഇന്ത്യൻ പ്രീമിയർ ക്രിക്കറ്റ് ലീഗ് എന്നായിരുന്നു പേര്. ഐപിഎൽ എന്ന വ്യാജേന വാതുവെപ്പ് ആരംഭിച്ച ഇവർ ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പൊലീസ് പറയുന്നത്. മത്സരങ്ങൾ പ്ലേ ഓഫിലെത്തിയപ്പോൾ സംഘാടകർ പൊലീസ് പിടിയിലാവുകയായിരുന്നു.

അതിസമര്‍ത്ഥമായ രീതിയിലാണ് പിടിയിലായവര്‍ വ്യാജ ഐ.പി.എല്‍ സജ്ജീകരിച്ചത്. ഒരു കൃഷിസ്ഥലമാണ് സംഘം ഗ്രൗണ്ടാക്കി മാറ്റിയത്. മികച്ച പിച്ചും ഹാലൊജന്‍ ലൈറ്റുമെല്ലാം ഒരുക്കി ഗ്രൗണ്ട് മോടി പിടിപ്പിച്ചു. ഓരോ താരവും എങ്ങനെ കളിക്കണമെന്നതുവരെ കൃത്യമായി പറഞ്ഞുകൊടുത്താണ് വ്യാജമത്സരങ്ങള്‍ നടത്തിയത്. റഷ്യയില്‍ നിന്ന് കാണുന്നവര്‍ക്ക് ഐ.പി.എല്‍. മത്സരമാണെന്ന് തോന്നുന്ന തരത്തിലായിരുന്നു സജ്ജീകരണം. ടൂര്‍ണമെന്റിന്റെ ലൈവ് സംപ്രേഷണമുണ്ടായിരുന്നു. അതിനായി യൂട്യൂബ് ചാനലും സജ്ജീകരിച്ചു.

ഷുഹൈബ് ദാവ്ഡ എന്നയാളാണ് ഈ ടൂര്‍ണമെന്റിന് പിന്നിലെ സൂത്രക്കാരനെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ പബ്ബുകളില്‍ ജോലി ചെയ്ത് പരിചയമുണ്ട് ഇയാള്‍ക്ക്. ഇതാണ് റഷ്യന്‍ വാതുവെപ്പുകാരിലേക്ക് എത്തിച്ചത്. അതേസമയം സംഭവത്തിൽ പ്രതികരണവുമായി ആനന്ദ് മഹീന്ദ്രയും രംഗത്ത്. അവിശ്വസനീയം എന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. വിർച്വൽ സ്‌പേസിൽ അനുവദനീയമായ രീതിയില്‍ അവതരിപ്പിച്ചിരുന്നുവെങ്കിൽ കോടികൾ സമ്പാദിക്കാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here