പനിയിൽ വിറച്ച് കാസർകോട് ജില്ല; കുതിച്ചുയർന്ന് കണക്ക്, പരിധി വിട്ട് വയറിളക്കം

0
337

കാഞ്ഞങ്ങാട് ∙ ജില്ലയിൽ പനിബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ ജില്ലയിൽ പനി ബാധിച്ചു ചികിത്സ തേടിയത് 2442 പേരാണ്. ഇതിനിടെ 2 പേർക്കു ജില്ലയിൽ എച്ച് വൺ എൻ വണ്ണും സ്ഥിരീകരിച്ചു. തൃക്കരിപ്പൂരിലാണ് 2 പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ചത്. ജില്ലയിൽ എച്ച് 1 എൻ 1 സ്ഥിരീകരിച്ചതിനാൽ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു. പനിക്കൊപ്പം വയറിളക്കവും പടരുന്നുണ്ട്. കഴിഞ്ഞ 4 ദിവസത്തിനുള്ളിൽ 241 പേരാണു വയറിളക്കം ബാധിച്ചു ചികിത്സ തേടിയത്.

കഴിഞ്ഞ 4 ദിവസത്തിനിടെ 6 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ജില്ലയിലെ പനി ബാധിതരുടെ എണ്ണം ഈ വർഷം ഒരു ലക്ഷം കടന്നു. ഇതുവരെയായി 104348 പേരാണു പനി ബാധിച്ചു ജില്ലയിലെ വിവിധ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടിയത്. മേയ്, ജൂൺ മാസത്തിൽ മാത്രം 41,500 പേരാണു പനി ബാധിച്ചു ചികിത്സ തേടിയത്. ക്ലിനിക്കുകളിലും ആയുർവേദം, ഹോമിയോ തുടങ്ങിയ ആശുപത്രികളിലും ചികിത്സ തേടി എത്തിയവരുടെ കണക്കു കൂടി പരിശോധിച്ചാൽ പനി ബാധിതരുടെ എണ്ണം ഇരട്ടിയാകും.

കഴിഞ്ഞ 2 മാസത്തിനിടെ 209 പേർക്കു ഡെങ്കിപ്പനിയും ബാധിച്ചു. ഇതിൽ 108 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഈ മാസം മാത്രം 178 പേർക്കാണ് ഡെങ്കിപ്പനി ബാധിച്ചത്. ഈ വർഷം 277 പേർക്കാണ് ഇതുവരെ ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 131 പേരിൽ ഡെങ്കിപ്പനി ലക്ഷണവുമായി ചികിത്സ തേടി. തക്കാളിപ്പനി ബാധിച്ചവരുടെ എണ്ണത്തിലും വർധനയുണ്ട്. ഈ മാസം മാത്രം 55 പേർക്കു തക്കാളിപ്പനി സ്ഥിരീകരിച്ചു. വയറിളക്കം ബാധിച്ചവരുടെ എണ്ണം ഇത്തവണ ഏറെയാണ്.

ഈ വർഷം ഇതുവരെയായി 11153 പേരാണു വയറിളക്കം ബാധിച്ചു ചികിത്സ തേടിയത്. പ്രമേഹം, രക്തസമ്മർദം, ഹൃദയ സംബന്ധമായ അസുഖം, വൃക്ക, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളവർ പനിക്കു സ്വയംചികിത്സ നടത്താതെ ആശുപത്രിയിൽ ചികിത്സ തേടണം. പ്രതിരോധശേഷി കുറഞ്ഞവരും ആശുപത്രിയിൽ ചികിത്സ തേടണം. ഗർഭിണികളും പനി ബാധിച്ചാൽ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

പരിധി വിട്ട് വയറിളക്കം

കഴി‍ഞ്ഞ വർഷം ജൂൺ വരെ 3000ത്തിൽ താഴെയായിരുന്നു വയറിളക്കം ബാധിച്ചവരുടെ എണ്ണം.എന്നാൽ ഈ വർഷം ഇതുവരെ 11153 പേരാണു വയറിളക്കം ബാധിച്ചു ചികിത്സ തേടിയത്. കോവിഡ് കാലത്തെ കൈകഴുകലും വീടുകളിൽ നിന്നുള്ള ഭക്ഷണം കഴിക്കലും വയറിളക്ക രോഗങ്ങൾ കുറച്ചു. ഇളവുകൾ വന്നതോടെ ആളുകൾ വ്യാപകമായി പുറത്തു നിന്നുള്ള ഭക്ഷണവും വെള്ളവും കഴിക്കാൻ തുടങ്ങി. ഇതോടെ വയറിളക്കം ബാധിച്ചു ചികിത്സ തേടുന്നവരുടെ എണ്ണം കുത്തനെ കൂടുകയും ചെയ്തു.

എച്ച് 1 എൻ 1: ജാഗ്രത പാലിക്കണം

ജില്ലയിൽ ചില പ്രദേശങ്ങളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ ഡോ.എ.വി.രാംദാസ് അറിയിച്ചു. വായുവിലൂടെയാണു രോഗാണുക്കൾ ഒരാളിൽ നിന്നു മറ്റൊരാളിലേക്ക് എത്തുന്നത്. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്ക് ചീറ്റുമ്പോഴും വൈറസ് അന്തരീക്ഷത്തിൽ വ്യാപിക്കും.

ഏകദേശം ഒരു മീറ്റർ ചുറ്റളവിൽ വൈറസ് വ്യാപിക്കാൻ സാധ്യതയുണ്ട്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സിനു മുകളിൽ പ്രായമുള്ളവർ, ഗർഭിണികൾ, മറ്റു ഗുരുതര രോഗമുള്ളവർ, രോഗ പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ പ്രത്യേകം ജാഗ്രത പാലിക്കണം.

രോഗ ലക്ഷണങ്ങൾ

പനി, ശരീര വേദന, തൊണ്ടവേദന, കഫമില്ലാത്ത വരണ്ട ചുമ, ക്ഷീണം, വയറിളക്കം എന്നിവയാണു രോഗ ലക്ഷണങ്ങൾ. മിക്കവരിലും ഒരു സാധാരണ പനിപോലെ നാലോ അഞ്ചോ ദിവസം കൊണ്ടു ഭേദമാകും. എന്നാൽ ചിലരിൽ അസുഖം ഗുരുതരമാകാൻ ഇടയുണ്ട്. ശ്വാസകോശത്തിലെ അണുബാധ, തലച്ചോറിലെ അണുബാധ, നിലവിലുള്ള അസുഖങ്ങൾ ഗുരുതരമാകുക എന്നിവയാണ് രോഗത്തിന്റെ സങ്കീർണതകൾ.

LEAVE A REPLY

Please enter your comment!
Please enter your name here