ദില്‍ സ്കൂപ്പ് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ച് ശുഭ്‌മാന്‍ ഗില്‍, പക്ഷെ പണി പാളി

0
320

പോര്‍ട്ട് ഓഫ് സ്പെയിന്‍: ഇംഗ്ലീഷ് പേസ് ഇതിഹാസം ജെയിംസ് ആന്‍ഡേഴ്സണെ വരെ റിവേഴ്സ് സ്വീപ്പ് ചെയ്യുന്ന റിഷഭ് പന്തുമാര്‍ കളിക്കളം വാഴുന്ന കാലത്ത് ആരാധകര്‍ മറന്നുപോയൊരു ഷോട്ടാണ് ദില്‍ സ്കൂപ്പ്. ശ്രീലങ്കന്‍ ബാറ്ററായിരുന്ന തിലകരത്നം ദില്‍ഷന്‍ അവതരിപ്പിച്ച സ്കൂപ്പ് ഷോട്ടാണ് പിന്നീട് ദില്‍ സ്കൂപ്പ് ആയത്. കാല്‍പ്പാദം ചലിപ്പിക്കാതെ നിന്ന നില്‍പ്പില്‍ പന്തിനെ കീപ്പറുടെ തലക്കു മുകളിലൂടെ കോരിയിട്ട് ബൗണ്ടറി നേടുന്നതാണ് ദില്‍ സ്കൂപ്പ്.

ദില്‍ഷന്‍ സജീവ ക്രിക്കറ്റിലുണ്ടായിരുന്ന കാലത്ത് അദ്ദേഹത്തിന്‍റെ സമകാലീനരായ പല ബാറ്റര്‍മാരും ഈ സ്കൂപ്പ് പരീക്ഷിച്ചിരുന്നു. എന്നാല്‍ റിവേഴ്സ് സ്വീപ്പും സ്വിച്ച് ഹിറ്റുമെല്ലാം കളം നിറഞ്ഞതോടെ ദില്‍ സ്കൂപ്പ് ആരാധകര്‍ മറന്നു. ഇന്നലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത ശുഭ്മാന്‍ ഗില്ലാണ് ആരാധകരെ പഴയകാലത്തിലേക്ക് തിരിച്ചുകൊണ്ടുപോയി ദില്‍ സ്കൂപ്പ് കളിച്ചത്.

49 പന്തില്‍ 43 റണ്‍സുമായി നല്ല രീതിയില്‍ ബാറ്റ് ചെയ്യുകയായിരുന്ന ഗില്‍ പതിനാറാം ഓവറില്‍ കെയ്ല്‍ മയേഴ്സിനെതിരെ ആണ് ദില്‍ സ്കൂപ്പ് കളിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ സംഗതി പാളിയതോടെ ഗില്ലിന്‍റെ ദില്‍ സ്കൂപ്പ് മയേഴ്സിന്‍റെ കൈകളിലൊതുങ്ങി. ഗില്ലിന് പിന്നാലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സൂര്യകുമാര്‍ യാദവ് നിരാശപ്പെടുത്തിയതോടെ ഇന്ത്യ 79-3ലേക്ക് തകര്‍ന്നെങ്കിലും മലയാളി താരം സ‍ഞ്ജു സാംസണും ശ്രേയസ് അയ്യരും ചേര്‍ന്ന് 99 റണ്‍സിന്‍റെ കൂട്ടുകെട്ടിലൂടെ ഇന്ത്യന്‍ ജയത്തിന് അടിത്തറയിട്ടു.

63 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പുറത്തായശേഷം ഇന്ത്യയെ 200 കടത്തിയതിന് പിന്നാലെ സഞ്ജു 51 പന്തില്‍ 54 റണ്‍സെടുത്ത് റണ്ണൗട്ടായി. അവസാന പത്തോവറില്‍ തകര്‍ത്തടിച്ച അക്സര്‍ പട്ടേല്‍(35 പന്തില്‍ 64*) ആണ് ഒടുവില്‍ ഇന്ത്യയെ ജയത്തിലെത്തിച്ചത്. ജയത്തോടെ മൂന്ന് മത്സര പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here