ന്യൂദല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ തുടര്‍നടപടികള്‍ വാരണാസി കോടതിയുടെ വിധി വന്ന ശേഷമെന്ന് സുപ്രീം കോടതി. ഗ്യാന്‍വാപി മസ്ജിദിനെതിരെ ഹിന്ദുത്വ വാദികള്‍ സമര്‍പ്പിച്ച സിവില്‍ സ്യൂട്ടിന്റെ നിലനില്‍പ്പിനെ ചോദ്യം ചെയ്ത് മസ്ജിദ് കമ്മിറ്റി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമര്‍ശം.
കേസില്‍ അടുത്ത വാദം ഒക്ടോബര്‍ ആദ്യ വാരം നടത്തുമെന്നും കോടതി വ്യക്തമാക്കി.
ഗ്യാന്‍വാപി മസ്ജിദില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് സ്ത്രീകള്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജി വാരണാസി കോടതി വ്യാഴാഴ്ച പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
നേരത്തെ മസ്ജിദില്‍ നിന്നും ശിവലിംഗമെന്ന് പറയപ്പെടുന്ന വസ്തുവും കണ്ടെടുത്തിരുന്നു. ശിവലിംഗത്തെ ആരാധിക്കാന്‍ അനുമതി നല്‍കണമെന്നും ഹിന്ദുത്വ വാദികള്‍ കോടതിയില്‍ ആവശ്യമുന്നയിച്ചിരുന്നു.
അഭിഭാഷകരും ഹിന്ദുക്കളുടെ പ്രതിനിധികളും അടങ്ങുന്ന കോടതി നിയോഗിച്ച സമിതി മസ്ജിദില്‍ നടത്തിയ സര്‍വേയിലാണ് ശിവലിംഗം എന്ന് പറയപ്പെടുന്ന വസ്തു കണ്ടെത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ അത് ശിവലിംഗമല്ലെന്നും നമസ്‌കാരത്തിനായി ഉപയോഗിക്കുന്ന സ്ഥലത്തെ ജലസംഭരണിയാണെന്നും മസ്ജിദ് കമ്മിറ്റി വ്യക്തമാക്കിയിരുന്നു.
1991ലായിരുന്നു വിഷയവുമായി ബന്ധപ്പെട്ട് ആദ്യമായി കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. പ്രശസ്തമായ കാശി വിശ്വനാഥ ക്ഷേത്രത്തോടു ചേര്‍ന്നിരിക്കുന്ന പള്ളിയുടെ സ്ഥാനത്ത് പുരാതന കാലത്ത് ഹിന്ദുക്ഷേത്രം സ്ഥിതി ചെയ്തിരുന്നുവെന്നാണ് ഹിന്ദുത്വവാദികളുടെ ആരോപണം. മുപ്പതു വര്‍ഷത്തോളം പഴക്കമുള്ള കേസിലാണ് സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്.
മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ കാലത്ത് ഇവിടെ സ്ഥിതി ചെയ്തിരുന്ന വിശ്വേശ്വര ക്ഷേത്രം പൊളിച്ചു പകരം പള്ളി പണിയുകയായിരുന്നുവെന്നാണ് ഹരജിക്കാര്‍ ആരോപിക്കുന്നത്. ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ ഉപയോഗിച്ചാണ് പളളി പണിതതെന്നും ഹരജിക്കാര്‍ പറയുന്നു.
ഗ്യാന്‍വാപി മസ്ജിദിന്റെ പുറം ഭിത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ഹിന്ദു ദേവതകളുടെ വിഗ്രഹങ്ങളെ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി സ്വദേശികളായ രാഖി സിംഗ്, ലക്ഷ്മി ദേവി, സീതാ സാഹു തുടങ്ങിയ സ്ത്രീകളാണ് ഹരജി സമര്‍പ്പിച്ചത്.
ബാബരി മസ്ജിദ് തകര്‍ത്തതുപോലെ ഗ്യാന്‍വാപിയും തകര്‍ക്കുമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.എല്‍.എ രംഗത്തെത്തിയിരുന്നു.
‘ബാബരി മസ്ജിദ് തകര്‍ത്തപ്പോഴേ ഗ്യാന്‍വാപി പള്ളിയും തകര്‍ക്കപ്പെടുമെന്ന് മുസ്ലിങ്ങള്‍ മനസ്സിലാക്കണമായിരുന്നു. രാജ്യം ഏത് ദിശയിലൂടെയാണ് സഞ്ചരിക്കുന്നതെന്നും അവര്‍ മനസ്സിലാക്കണമായിരുന്നു. വിവാദപരമായ ഒരു മസ്ജിദും രാജ്യത്ത് ഞങ്ങള്‍ നിലനിര്‍ത്തില്ല, എല്ലാം തകര്‍ക്കും,’ എന്നായിരുന്നു ബി.ജെ.പി എം.എല്‍.എയുടെ പരാമര്‍ശം.
അതേസമയം കേസ് പരിഗണിച്ചിരുന്ന വാരണാസി ജില്ലാ ജഡ്ജിക്ക് ഭീഷണിക്കത്ത് ലഭിച്ചതായും വാര്‍ത്തകള്‍ വന്നിരുന്നു.
ഇന്നത്തെ വിഭജിത ഇന്ത്യയില്‍ നിയമ സംവിധാനങ്ങള്‍ പോലും കാവി നിറം സ്വീകരിച്ചിരിക്കുന്നു എന്നായിരുന്നു കത്തില്‍ പരാമര്‍ശിച്ചിരുന്നത്.
ഇസ്ലാമിക് അഗാസ് മൂവ്മെന്റിലെ കാശിഫ് അഹ്മദ് സിദ്ദിഖി എന്ന വ്യക്തിയാണ് കത്ത് അയച്ചതെന്ന് ജഡ്ജി പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.