കോട്ടയം: കോട്ടയം നഗരത്തിലെ ആകാശ നടപ്പാതക്ക് കീഴിലെ നവദമ്പതികളുടെ ഫോട്ടോഷൂട്ട് വൈറലാകുന്നു. കോട്ടയം താഴത്തങ്ങാടി സ്വദേശികളായ ഹാരിഷ്, ഷെറീന ജോഡികളുടെ പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ടാണ് ശ്രദ്ധ നേടുന്നത്.
കോട്ടയം നഗരത്തില്‍ വര്‍ഷങ്ങളായി പണി പൂര്‍ത്തിയാകാതെ കിടക്കുന്ന ആകാശ നടപ്പാതയാണ് ഫോട്ടോഷൂട്ടിന്റെ പ്രധാന ലൊക്കേഷന്‍. പണി പൂര്‍ത്തിയാകാതെ കിടക്കുന്നത് കാരണം ‘നഗരഹൃദയത്തിലെ പടവലം പന്തല്‍’ എന്നാണ് ട്രോളന്മാര്‍ പാതയെ വിശേഷിപ്പിക്കുന്നത്.
വാര്‍ത്തകളിലും ട്രോളുകളിലും നിരന്തരം വിഷയമാകാറുള്ള ആകാശ നടപ്പാതക്ക് കീഴില്‍ മുമ്പും ഇത്തരത്തില്‍ ഷൂട്ടുകള്‍ നടന്നിട്ടുണ്ട്.
ലെന്‍സ്ഔട്ട് മീഡിയയാണ് ചിത്രങ്ങള്‍ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. ‘ഇതുകൊണ്ട് ഇങ്ങനെയെങ്കിലും ഒരു പ്രയോജനമുണ്ടാകട്ടെ,’ എന്നാണ് ഫോട്ടോക്ക് താഴെ വരുന്ന ചില കമന്റുകള്‍.
സംസ്ഥാനത്തെ ആദ്യത്തെ ആകാശ നടപ്പാത എന്ന ഖ്യാതിയോടെയായിരുന്നു കോട്ടയത്തെ നടപ്പാതയുടെ പദ്ധതി പ്രഖ്യാപിച്ചത്. 2016 ഫെബ്രുവരിയില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയായിരുന്നു പദ്ധതിയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്.
അഞ്ച് മാസത്തിനകം കോട്ടയം ശീമാട്ടി ജംഗ്ഷനില്‍ ആകാശനടപ്പാത പൂര്‍ത്തിയാകുമെന്നും ഇതോടെ കോട്ടയം സാധ്യതകളുടെ നഗരമായി മാറുമെന്നുമായിരുന്നു വാഗ്ദാനം. കിറ്റ്‌കോക്കിനായിരുന്നു നിര്‍മാണച്ചുമതല.
എന്നാല്‍ സര്‍ക്കാരുകള്‍ മാറി വന്നിട്ടും നടപ്പാത നിര്‍മാണം പൂര്‍ത്തിയായില്ല.
പിന്നീട് 2021ല്‍ പദ്ധതി പൂര്‍ത്തിയാക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗതി ആന്റണി രാജു പറഞ്ഞിരുന്നു. കിറ്റ്‌കോയ്ക്ക് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്നും അതുകൊണ്ട് നിലവിലെ കരാര്‍ റദ്ദാക്കിയതിനുശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നുമായിരുന്നു മന്ത്രി പറഞ്ഞത്.
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണമായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. മൂന്ന് എസ്‌കലേറ്ററുകളോടെ നിര്‍മിക്കാന്‍ പദ്ധതിയിട്ട ആകാശപ്പാതക്ക് 6.75 മീറ്റര്‍ ഉയരവും 15 ചതുരശ്രയടി വിസ്തീര്‍ണവുമുണ്ട്.
അഞ്ച് കോടി രൂപയായിരുന്നു അന്ന് പദ്ധതിക്ക് കണക്കാക്കിയിരുന്ന നിര്‍മാണച്ചെലവ്.
കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനുള്ള എളുപ്പത്തിന് വേണ്ടിയായിരുന്നു പദ്ധതി. എന്നാല്‍ പിന്നീടുള്ള വര്‍ഷങ്ങളിലെ പ്രളയക്കെടുതിയില്‍ നടപ്പാതയുടെ നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു.
ആകാശപാതയുടെ നിര്‍മാണം പകുതിക്ക് വെച്ച് നിലച്ചത് കാരണം കോട്ടയം നഗരത്തില്‍ വന്‍ ഗതാഗത കുരുക്കാണ് ഉണ്ടാക്കുന്നത്.