കൊലപാതകി ഉണ്ടായിരുന്നത് ആബെയ്ക്ക് അടുത്ത്; അവസാന നിമിഷത്തെ ദൃശ്യങ്ങള്‍

0
350

ടോക്കിയോ: പടിഞ്ഞാറൻ ജപ്പാനിൽ പ്രചാരണ പ്രസംഗത്തിനിടെ വെടിയേറ്റ് കൊല്ലപ്പെട്ട ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ (Shinzo Abe) മരണം ലോകത്തെ ഞെട്ടിച്ചു. സാധാരണ രാഷ്ട്രീയ ആക്രമണങ്ങളും, ഇത്തരം കൊലപാതകങ്ങളും പതിവില്ലാത്ത നാടാണ് ജപ്പാന്‍. അവിടെയാണ് ഏറ്റവും ജനകീയനായ മുന്‍ പ്രധാനമന്ത്രി തന്നെ കൊല ചെയ്യപ്പെട്ടത്.

നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ച ഷിൻസോ ആബെയുടെ മരണം ഏഴു മണിക്കൂറിനു ശേഷമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.  ഇപ്പോള്‍ ആബെയും അവസാന നിമിഷത്തിന്‍റെ വിവിധ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

ഷിൻസോയുടെ പ്രസംഗം കേൾക്കാൻ ആളുകൾ നേരത്തെ തന്നെ എത്തിയിരുന്നു. ആള്‍ക്കൂട്ടത്തില്‍ വേദിക്ക് അധികം ദൂരത്തിലല്ലാതെ തോരണങ്ങള്‍ക്കിടയിലാണ് കൊലപാതകി നിന്നിരുന്നത്. പ്രസംഗം തുടങ്ങി കുറച്ചുനേരം കഴിഞ്ഞപ്പോൾ സ്ഥലത്ത് നിന്നും രണ്ടുതവണ വെടിയൊച്ച കേട്ടു. പ്രസംഗത്തിന്‍റെ ശബ്ദം നിലച്ചു. പ്രദേശത്ത് പുക ഉയരുന്നതും ചില വീഡിയോകളില്‍ കാണാം

ആബെയെ വെടിവെച്ച നാല്പതുകാരനായ അക്രമി പിടിയിലായിട്ടുണ്ട്. ഇയാള്‍ ആബെ പ്രസംഗിക്കുന്ന വേദിക്ക് അടുത്ത് തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.  അബെയെ വെടിവച്ച ശേഷവും ഇയാള്‍ സംഭവസ്ഥലത്ത് നിന്നും അനങ്ങിയില്ലെന്നാണ് ചില ദൃസാക്ഷികള്‍ പറയുന്നത്. ഇയാളെ പിന്നീട് സുരക്ഷ ഉദ്യോഗസ്ഥര്‍ കീഴടക്കി.

കൊലപാതകത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. കൊലയാളി മുൻ ജപ്പാൻ നാവികസേനാംഗം ആണെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണത്തിന് ടാസ്ക് ഫോഴ്സിനെ തന്നെ ജപ്പാന്‍ ഗവണ്‍മെന്‍റ് പ്രഖ്യാപിച്ചിട്ടുണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here