കാസർകോട്ടുകാരന്റെ കൊലപാതകത്തിൽ പ്രവീണ്‍ നെട്ടാരുവിന് പങ്കില്ല: ഭാര്യ നൂതന

0
258

ബെംഗളൂരു∙ കാസർകോട്ടുകാരനായ മുസ്‌ലിം യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ബെള്ളാരെയിൽ കൊല്ലപ്പെട്ട യുവമോർച്ച പ്രവർത്തകൻ പ്രവീൻ നെട്ടാരുവിന് പങ്കില്ലെന്ന് ഭാര്യ നൂതന. ‘കാസർകോടുനിന്നുള്ള മസൂദ് (19) കൊല്ലപ്പെട്ടതിനെത്തുടർന്ന് മേഖലയിൽ സംഘർഷസാധ്യതയുണ്ടായിരുന്നു. എന്നാൽ സംഭവത്തിൽ ഭർത്താവിനു പങ്കില്ല. പ്രദേശത്തെ മുസ്‌ലിം വിഭാഗക്കാരുമായി മികച്ച ബന്ധത്തിലാണ് ഞങ്ങളുണ്ടായിരുന്നത്’ – കണ്ണീരോടെ നെട്ടാരുവിന്റെ ഭാര്യ നൂതന പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് നെട്ടാരുവിനെ കൊലപ്പെടുത്തിയത്.

‘സംഘർഷ സാധ്യതയെക്കുറിച്ചു ഭർത്താവ് പറഞ്ഞിരുന്നു. കൊലപാതകത്തിനുശേഷം മാർക്കറ്റിലേക്കു വളരെക്കുറച്ചുപേരെ വരുന്നുണ്ടായിരുന്നുള്ളു. കൊലപാതകവുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നില്ല. എല്ലാത്തിൽനിന്നും വിട്ടാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തെ കൊല്ലാൻ ഒരു കാരണവുമില്ല. ചൊവ്വാഴ്ച സഹോദരിയുടെ വീട്ടിൽ ഒരു പരിപാടിയിൽ പങ്കെടുക്കേണ്ടതിനാൽ കട നേരത്തേയടച്ച് വീട്ടിൽ വരാനിരുന്നതാണ്. ഗ്രാമത്തിലെ പലരും ഞങ്ങളെ മികച്ച ദമ്പതികൾ എന്നാണ് വിശേഷിപ്പിക്കുന്നത്. ആർക്കാണോ സഹായം ആവശ്യം അവരെയൊക്കെ സഹായിക്കുന്ന ആളായിരുന്നു പ്രവീൺ. സമൂഹത്തെയാണ് അദ്ദേഹം പരിഗണിച്ചത്. മതത്തിന്റെ പേരിൽ ആരെയും വെറുത്തില്ല. എന്നെ കല്യാണം കഴിക്കുന്നതിനു മുൻപും അദ്ദേഹം ഒരു ബിജെപി പ്രവർത്തകനായിരുന്നു. അടുത്തിടെയാണ് അദ്ദേഹത്തിന് ജില്ലയുടെ ചുമതല കൊടുത്തത്.’ – നൂതൻ മാധ്യമപ്രവർത്തകരോടു പറഞ്ഞു.

അറസ്റ്റിലായത് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ

പ്രവീൺ നെട്ടാരുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 2 പേരെ അറസ്റ്റ് ചെയ്തിരുന്നു. സുള്ള്യ ബെള്ളാരെ സ്വദേശി ഷഫീക്ക് ബെള്ളാരെ(27), സവണൂരു സ്വദേശി സാക്കിർ സവനുരു(29) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും എസ്‌ഡിപിഐ പ്രവർത്തകരാണെന്നാണ് സൂചന. അതേസമയം, തന്റെ ഭർത്താവ് പോപ്പുലർ ഫ്രണ്ട് പ്രവർത്തകനാണെന്നു ഷഫീക്കിന്റെ ഭാര്യ സ്ഥിരീകരിച്ചു. എസ്ഡിപിഐയുടെ സാമൂഹിക പരിപാടികൾ ഷഫീഖിന്റെ നേതൃത്വത്തിൽ നടത്താറുണ്ടായിരുന്നുവെന്നും ഭാര്യ പറഞ്ഞു.

‘രാത്രി എട്ടു മണിയോടെ ഭർത്താവ് പുറത്തുപോയി. കൊലപാതക വിവരം അറിഞ്ഞിരുന്നു. പക്ഷേ വിശദാംശങ്ങൾ അറിഞ്ഞില്ല. തിരിച്ച് എത്തുമ്പോഴാണു പ്രവീൺ ആണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞത്. വിവരം അറിഞ്ഞ് അദ്ദേഹം ഞെട്ടിപ്പോയി. ഭർത്താവിനെ മനഃപൂർവം കേസിൽ കുടുക്കിയതാണ്. അന്വേഷണം ഇപ്പോഴും നടക്കുകയാണ്’ – ഭാര്യ കൂട്ടിച്ചേർത്തു.

മുസ്‌ലിംകൾ ആയതുകൊണ്ടാണു തങ്ങളെ ലക്ഷ്യമിട്ടതെന്നു ഷഫീഖിന്റെ പിതാവ് ഇബ്രാഹിം പറഞ്ഞു. ‘കൊല്ലപ്പെട്ട പ്രവീണിന്റെ കടയിലാണ് ഞാൻ ജോലി ചെയ്യുന്നത്. എന്റെ മകനും പ്രവീണും പലപ്പോഴും സംസാരിക്കാറുള്ളവരാണ്. പ്രവീൺ ഞങ്ങളുടെ വീട്ടിൽ സ്ഥിരമായി വരാറുള്ള ആളായിരുന്നു. എന്റെ മകനെ എന്തിനാണ് അറസ്റ്റ് ചെയ്തതെന്ന് ഞങ്ങൾക്ക് അറിയില്ല. മുസ്‍ലിംകൾ ആയതുകൊണ്ടാണ് ഞങ്ങളെ ലക്ഷ്യമിടുന്നത്’ – ഇബ്രാഹിം കൂട്ടിച്ചേർത്തു.

കുടുംബത്തിന് 25 ലക്ഷം ധനസഹായം

കൊല്ലപ്പെട്ട പ്രവീണിന്റെ വീട് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ സന്ദർശിച്ചു. 25 ലക്ഷം രൂപയുടെ ധനസഹായം കുടുംബത്തിനു കൈമാറി. കുറ്റവാളികൾക്കു കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും ദേശീയ അന്വേഷണ ഏജൻസി(എൻഐഎ)യുടെ യൂണിറ്റ് കർണാടകയിൽ സ്ഥാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കനത്ത കാവലിൽ ബെള്ളാരെ

അന്വേഷണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഇപ്പോൾ വെളിപ്പെടുത്താൻ ആവില്ലെന്ന് ദക്ഷിണ കന്നഡ എസ്പി ഋഷികേശ് ഭഗവാൻ സൊനാവനെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് പൊലീസ് 21 പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തിരുന്നു. അന്വേഷണത്തിനു കർണാടക പൊലീസ് കേരള പൊലീസിന്റെ സഹകരണവും തേടിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ബെള്ളാരെയിലും പരിസരങ്ങളിലും ശക്തമായ പൊലീസ് കാവൽ തുടരുകയാണ്. എഡിജിപി അലോക് കുമാർ, ദക്ഷിണ കന്നഡ എസ്പി ഋഷികേശ് ഭഗവാൻ സൊനാവനെ തുടങ്ങി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ ബെള്ളാരെയിൽ ക്യാംപ് ചെയ്യുന്നുണ്ട്. അന്വേഷണത്തിനു മേൽനോട്ടം വഹിക്കുന്നു. കഴിഞ്ഞ ദിവസം ഹർത്താലും, ലാത്തിച്ചാർജും മറ്റും നടന്ന് സംഘർഷാവസ്ഥ നില നിന്നിരുന്ന ബെള്ളാരെ ടൗൺ ഇന്നലെ സാധാരണ നിലയിലേക്ക് മടങ്ങി.

അതേസമയം, ബസവരാജ് ബൊമ്മെ സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ പരിപാടികൾ റദ്ദാക്കി. പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ആഘോഷചടങ്ങുകൾ റദ്ദാക്കിയത്. കൊല്ലപ്പെട്ട പ്രവീൺ നെട്ടാരുവിന്റെ വീട്ടിൽ ഇന്നലെ മന്ത്രി എസ്.അങ്കാറ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ബി.വൈ.വിജയേന്ദ്ര, എംഎൽഎമാരായ കെ.ജി,ബോപയ്യ, സഞ്ജീവ മഠന്തൂരു, ഹരീഷ് പൂഞ്ച. രാജേഷ് നായ്ക്. തുടങ്ങിയവർ സന്ദർശനം നടത്തി. കുടുംബത്തിനു എല്ലാ സഹായവും നൽകും എന്ന് നേതാക്കൾ ഉറപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here