ഈ ബുള്ളറ്റിന്‍റെ ആ നിഗൂഡ രഹസ്യം അറിഞ്ഞ് ആദ്യം ബംഗളൂരു സ്വദേശിയായ ഉടമ ഞെട്ടി, പിന്നാലെ എംവിഡി ഉപ്പളയിൽ

0
710

ബംഗളൂരു സ്വദേശിയാണ് പ്രസാദ്. ഒരു ബുള്ളറ്റുണ്ട്. ബാറ്റില്‍ ഗ്രീന്‍ നിറത്തിലുള്ളത്. 500 സിസി. ബംഗളൂരുവിലും പരിസരങ്ങളിലും കറങ്ങി നടക്കുന്നതിനിടെ ഒരു ദിവസം വീട്ടിലേക്ക് ഒരു ചലാന്‍ വരുന്നു. ഹെല്‍മറ്റ് വെക്കാതെ വാഹനം ഓടിച്ചതിന് പിഴ അടക്കണം. വാഹനത്തിന്‍റെ സൈലന്‍സര്‍ രൂപമാറ്റം വരുത്തിയതിനും പിഴയുമുണ്ട്.

പ്രസാദ് ഞെട്ടി. താനെപ്പഴാ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയത്? നോക്കി ഒന്നുകൂടെ ഉറപ്പിച്ചു. ഇല്ല സൈലന്‍സറിന് മാറ്റമില്ല.

ഹെല്‍മറ്റ് വയ്ക്കാതെ ഒരിക്കലും ഇരുചക്ര വാഹനം ഓടിക്കാത്ത തനിക്കെങ്ങനെ ഇങ്ങനെയൊരു പിഴയെന്ന് ചിന്തിച്ച് ഫൈന്‍ രശീതിലേക്ക് ഒന്നുകൂടി നോക്കിയപ്പോഴാണ് വീണ്ടും ഞെട്ടിയത്.

പിഴ വന്നിരിക്കുന്നത് കേരളത്തില്‍ നിന്ന്. കാസര്‍കോട് ജില്ലയിലൂടെ സഞ്ചരിക്കുമ്പോള്‍ ഹെല്‍മറ്റ് വച്ചിട്ടില്ല എന്നാണ് അതില്‍ രേഖപ്പെടുത്തിയിരുന്നത്. തന്‍റെ ജീവിതത്തില്‍ ഇന്നേവരെ ബുള്ളറ്റുമായി കേരളത്തില്‍ വന്നിട്ടില്ലാത്ത തനിക്കെങ്ങനെ കേരളത്തില്‍ നിന്ന് ഫൈന്‍?

കാസര്‍കോട്ടെ മോട്ടോര്‍ വാഹന വകുപ്പിന്‍റെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചു. താന്‍ കേരളത്തിലേക്കേ വന്നിട്ടില്ലെന്ന് പ്രസാദ് ആണയിട്ടപ്പോള്‍ ഇതെങ്ങനെ സംഭവിച്ചുവെന്നായി എംവിഡി ഉദ്യോഗസ്ഥര്‍. വിശദമായ അന്വേഷണം നടത്താന്‍ കാസര്‍കോട് എന‍്ഫോഴ്സ്മെന്‍റ് ആര്‍ടിഒ എം.ടി ഡേവിസ് ഉത്തരവിട്ടു.

വിശദമായി പരിശോധിച്ചു. അപ്പോഴാണ് ഒരു കാര്യം മനസിലായത്. കാസര്‍കോട്ട് ഹെല്‍മറ്റ് വയ്ക്കാതെ ഓടിച്ച ബുള്ളറ്റിന്‍റെ നിറം കറുപ്പ്. ബംഗളൂരുവിലേത് ഒലീവ് ഗ്രീന്‍. കാസര്‍കോട്ടെ ബുള്ളറ്റിന് ചുവപ്പ് നിറത്തില്‍ ഒരു സ്ട്രിപ്പുണ്ട്. ബംഗളൂരുവിലേതിന് അതില്ല. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഒരു കാര്യം ഉറപ്പിച്ചു. അപരന്‍.

പിന്നെ വ്യാജനെ പിടികൂടാനായി ശ്രമം. യൂണിഫോം മാറ്റി മഫ്‍ടിയില്‍ ഉദ്യോഗസ്ഥര്‍. ക്യാമറയില്‍ ബുള്ളറ്റ് കുടുങ്ങിയ ഉപ്പള കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. മണിക്കൂറുകള്‍ നീണ്ടു. ഒരു വിവരവുമില്ല. ആരോടെങ്കിലും ചോദിക്കാന്‍ പറ്റാത്ത സ്ഥിതി. ഈ ഒരു ബുള്ളറ്റിനെകുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് അറിഞ്ഞാല്‍ ഉപയോഗിക്കുന്നവര്‍ അത് മാറ്റാനുള്ള സാധ്യതയുണ്ട്. നമ്പര്‍ പ്ലേറ്റ് ഊരി വച്ചാല്‍ പിന്നെ ഒരിക്കലും കണ്ടെത്താനുമാവില്ല.

ആറ് മണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ എംവിഐ വിതിന്‍കുമാറും എ.എംവിഐ ഉദയകുമാറും ചേര്‍ന്ന് ഒടുവില്‍ വാഹനം കണ്ടെത്തി. ഉപ്പള മുളിഞ്ച ബൈത്തുല്‍ ഖമര്‍ വില്ലയില്‍ മുസ്‍തഫയുടെ വീട്ടുമുറ്റത്ത് നിന്ന്.

വിശദമായ പരിശോധനയില്‍ ഒറിജിനലിന്‍റെ അതേ ചേസ് നമ്പര്‍ വ്യാജനിലും കൊത്തി വച്ചിരിക്കുന്നതായി കണ്ടെത്തി. നാല് വര്‍ഷം മുമ്പ് ബംഗളൂരുവില്‍ നിന്ന് വാങ്ങിയ വാഹനം ഇക്കാലമത്രയും വ്യാജ നമ്പര്‍ പ്ലേറ്റുമായി ഉപയോഗിക്കുകയായിരുന്നു. എന്നാല്‍ ഈ ബൈക്ക് വാഹന കച്ചവടം നടത്തുന്ന ഒരാള്‍ ഒരു ലക്ഷം രൂപയ്ക്ക് പണയം വച്ചതാണെന്നും കഴിഞ്ഞ നാല് വര്‍ഷമായി ഇയാളെപ്പറ്റി ഒരു വിവരവും ഇല്ലെന്നുമാണ് വീട്ടുടമസ്ഥന്‍ പറയുന്നത്.

മറ്റ് ഏതെങ്കിലും കുറ്റകൃത്യങ്ങള്‍ക്കായി ഈ വാഹനം ഉപയോഗിച്ചിട്ടുണ്ടോ എന്നാണ് ഇപ്പോള്‍ അധികൃതരുടെ സംശയം. വിശദമായ പരിശോധനയ്ക്കും തുടര്‍ നടപടികള്‍ക്കുമായി ബുള്ളറ്റ് മഞ്ചേശ്വരം പൊലീസിന് കൈമാറിയിരിക്കുകയാണ്.

കാസര്‍കോട് ബേക്കല്‍ പൊലീസും ഇപ്പോള്‍ സമാനമായ ഒരു കേസ് അന്വേഷിക്കുന്നുണ്ട്. ഈ കേസില്‍ കാറുകളാണ് ഒരേ നമ്പറും വച്ച് ഓടിയത്.  കാഞ്ഞങ്ങാട്ട് രജിസ്റ്റര്‍ ചെയ്‍ത വെള്ള ആള്‍ട്ടോ കാറുകള്‍.

ആഴ്‍ചകള്‍ക്ക് മുമ്പ് പള്ളിക്കര ബീച്ചില്‍ അടുത്തടുത്തായി നിര്‍ത്തിയിട്ട കാറുകളുടെ നമ്പര്‍ ശ്രദ്ധിച്ചപ്പോള്‍ കണ്ട ‘അത്ഭുതം’ വീഡിയോയും ഫോട്ടോയുമായി യുവാവ് പകര്‍ത്തുകയായിരുന്നു.

ഒരേ നമ്പറില്‍ രണ്ട് കാറുകള്‍. ബുള്ളറ്റിനെപ്പോലെ പക്ഷേ ഇവിടെ നിറ വ്യത്യാസമൊന്നുമില്ല. രണ്ടും വെള്ള ആള്‍ട്ടോ തന്നെ.

സോഷ്യല്‍ മീഡിയയില്‍ ഫോട്ടോയും വീഡിയോയും പറ പറന്നതോടെ പൊലീസിന്‍റെ കണ്ണിലും ഇത് പെട്ടു. ഉടമയേയും കാറിനേയും പൊക്കുകയും ചെയ്തു.

ഫിനാന്‍സിന്‍റെ അടവ് തെറ്റിയതിനാല്‍ പിടികൂടാതിരിക്കാനായി തന്‍റെ പേരിലുള്ള മറ്റൊരു കാറിന്‍റെ നമ്പര്‍ വയ്ക്കുകയായിരുന്നുവെന്നാണത്രെ ഉടമ പൊലീസിനോട് പറഞ്ഞത്. ഏതായാലും ഈ കേസിലും വിശദമായ അന്വേഷണം നടത്താനാണ് തീരുമാനം.

ഇനി എവിടെ അടുത്ത വ്യാജന്‍ പൊങ്ങും എന്നുള്ള ആധിയിലും ആകാംക്ഷയിലുമാണ് ഉദ്യോഗസ്ഥര്‍.

 

 

LEAVE A REPLY

Please enter your comment!
Please enter your name here