തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമം നടന്നെന്ന വാർത്തകൾ തള്ളി യൂത്ത് കോൺഗ്രസ് നേതൃത്വം. സംസ്ഥാന നേതൃത്വത്തിന് ഇതുവരെ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്ന് യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് എൻ എസ് നുസൂർ പറഞ്ഞു. ക്യാമ്പിൽ ബലാത്സംഗശ്രമം നടന്നെന്ന വാർത്ത വ്യാജമാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മദ്യലഹരിയിലാണ് ക്യാമ്പിലെത്തിയതെന്ന കാരണത്താലാണ് സംസ്ഥാന കമ്മിറ്റി അംഗം ശംഭു പാൽക്കുളങ്ങരനെതിരെ നടപടിയെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വനിതാ നേതാവിനെ പീഡിപ്പിക്കാൻ ശ്രമം നടന്നുവെന്ന ആരോപണത്തിൽ വിശദീകരണ കുറിപ്പും യൂത്ത് കോൺഗ്രസ് നേതൃത്വം പുറത്തുവിട്ടിട്ടുണ്ട്. പരാതി തികച്ചും അടിസ്ഥാന രഹിതമാണ്. പരാതിയുടെ സത്യസന്ധതയെക്കുറിച്ച് പറയേണ്ടത് പരാതിക്കാരിയാണ്. ഏതെങ്കിലും പെൺക്കുട്ടിയ്ക്ക് ഇത്തരത്തിൽ പരാതിയുണ്ടെങ്കിൽ സാധ്യമായ എല്ലാ നിയമസഹായവും നൽകുമെന്നും സംഘടന പ്രസ്താവനയിൽ പറഞ്ഞു.