യുവാക്കളെ സിറിയയിലേക്ക് കടത്തിയ വളപട്ടണം ഐഎസ് കേസ്: 1, 5 പ്രതികൾക്ക് 7 വർഷം തടവ്

0
136

വളപട്ടണം ഐഎസ് കേസിൽ ഒന്നും അഞ്ചും പ്രതികൾക്ക് ഏഴുവർഷം തടവ്. ഒന്നാംപ്രതി മിഥിലജിനും അഞ്ചാംപ്രതി ഹംസയ്ക്കുമാണ് 7 വർഷം തടവും 50,000 രൂപ പിഴയും കൊച്ചി എൻഐഎ കോടതി വിധിച്ചത്. മൂന്നാം പ്രതി അബ്ദുൾ റസാഖിന് ആറു വർഷം തടവും 30000 രൂപ പിഴയുമാണ് വിധിച്ചിരിക്കുന്നത്. കേസിൽ മൂന്നു പ്രതികളും കുറ്റക്കാരാണെന്നു ചൊവ്വാഴ്ച കോടതി കണ്ടെത്തിയിരുന്നു. കണ്ണൂർ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നു 15 പേരെ സിറിയയിലേയ്ക്കു കടത്തി ഐഎസ് റിക്രൂട്ട്മെന്റ് നടത്തുന്നതിനു ഗൂഢാലോചന നടത്തി എന്നാണു കേസ്. ഭീകര വിരുദ്ധ നിയമപ്രകാരം രാജ്യത്തിനെതിരെ യുദ്ധത്തിനു പദ്ധതിയിട്ടതിനും ഗൂഢാലോചന നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇവർ സിറിയയിലേയ്ക്കു കടക്കാൻ ശ്രമിക്കുന്നതിനിടെ തുർക്കിയിൽ വച്ചായിരുന്നു ഒന്നും രണ്ടും പ്രതികൾ പിടിയിലായത്. അഞ്ചുവർഷമായി ജയിലിൽ കഴിയുന്നതിനാൽ ശിക്ഷയിൽ ഇളവു വേണമെന്നായിരുന്നു പ്രതികൾ കഴിഞ്ഞ ദിവസം കോടതിയോട് അഭ്യർഥിച്ചത്. തീവ്രവാദ ചിന്തകൾ പൂർണമായും ഉപേക്ഷിച്ചെന്നും എല്ലാ മനുഷ്യരെയും ഒരുപോലെ കാണുന്നതായും ഹംസ കോടതിയോടു പറഞ്ഞു. പ്രോസിക്യൂഷൻ ഇവരുടെ ആവശ്യത്തെ എതിർത്തിരുന്നു. പ്രതികൾ അഞ്ചുവർഷമായി ജയിലിൽ കിടന്നതിനാൽ ബാക്കിയുള്ള ശിക്ഷാകാലയളവ് ജയിലിൽ പൂർത്തിയാക്കിയാൽ മതിയാകും.