മന്ത്രി മുഹമ്മദ് റിയാസിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

0
135

ന്യൂഡല്‍ഹി: പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്‍റെ പരാമർശത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. പൊതുമരാമത്ത് മന്ത്രി വിമാനയാത്ര ഒഴിവാക്കി റോഡ് മാർഗം ഇടയ്ക്കൊക്കെ യാത്ര ചെയ്താൽ സാധാരണക്കാരന്‍റെ ദുരിതങ്ങളുടെ വ്യാപ്തി മനസ്സിലാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ പൊതുമരാമത്ത് വകുപ്പ് റോഡുകളിലെ കുഴികൾ എണ്ണിനോക്കിയ ശേഷം ദേശീയപാത നോക്കിയാൽ പോരേ? കേരള ഹൈക്കോടതി കേരളത്തിലെ പി.ഡബ്ല്യൂ.ഡി. റോഡുകള്‍ പശതേച്ച് ഒട്ടിച്ചാണോ ഉണ്ടാക്കുന്നതെന്ന് ചോദിച്ചത് ഈ മന്ത്രിയോടാണ്.
ആ മന്ത്രിയാണ് ദേശീയപാത എങ്ങനെ പരിപാലിക്കണമെന്ന് പഠിപ്പിക്കാൻ വരുന്നതെന്നും മുരളീധരൻ പറഞ്ഞു.

കൂളിമാട് പാലം തകർച്ചയുമായി ബന്ധപ്പെട്ട് സിമന്‍റ് കുഴിച്ചവർക്കെതിരെ നടപടിയെടുത്ത് രക്ഷപ്പെടുത്തേണ്ടി വന്നവരെയെല്ലാം രക്ഷിച്ച മന്ത്രിയാണ് ഇപ്പോൾ തങ്ങളെ ഉപദേശിക്കാൻ വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പാലം തകർന്നതിന്‍റെ ജാള്യത മറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ മെക്കിട്ടുകേറാം എന്നാണ് മന്ത്രി കരുതുന്നതെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിലെ ജനങ്ങൾ ഓരോ ദിവസവും ദുരിതമനുഭവിക്കുകയാണ്. മന്ത്രി വിമാനയാത്ര ഒഴിവാക്കി റോഡ് മാർഗമുള്ള യാത്രയും ചെയ്യണം. അപ്പോൾ സാധാരണക്കാരൻ റോഡിൽ എത്രമാത്രം ദുരിതമാണ് അനുഭവിക്കുന്നതെന്ന് നിങ്ങൾക്ക് മനസ്സിലാകുമെന്നും മുരളീധരൻ പറഞ്ഞു.