വാക്കുകള്‍ വളച്ചൊടിച്ചു, ദു:ഖമുണ്ട്; നിയമസഭയിൽ വിശദീകരണവുമായി സജിചെറിയാന്‍

0
131

തിരുവനന്തപുരം: മല്ലപ്പള്ളിയിലെ പ്രസംഗം വളച്ചൊടിച്ചതാണെന്നും ഉന്നത രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചതെന്നും സജി ചെറിയാൻ എം.എൽ.എ നിയമസഭയിൽ വിശദീകരിച്ചു.

ഭരണഘടനയുടെ ആമുഖം വായിച്ചാണ് സജി ചെറിയാൻ വിശദീകരണം നടത്തിയത്. ഭരണഘടനയെ അവഹേളിക്കാനോ അപമാനിക്കിനോ ഒരു ശ്രമവും ഉണ്ടായിട്ടില്ല. തന്‍റെ 43 വർഷത്തെ പൊതു സേവനത്തിൽ എല്ലായ്പ്പോഴും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചിട്ടുണ്ട്. വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിൽ ദുഖമുണ്ട്. അംബേദ്കറെ അപമാനിച്ചുവെന്ന പ്രചാരണവും നടന്നു. ഇതെല്ലാം വസ്തുതാപരമായി തെറ്റാണെന്നും സജി ചെറിയാൻ പറഞ്ഞു.

വിവാദത്തെ തുടർന്ന് ഉന്നത രാഷ്ട്രീയ, ധാർമ്മിക മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് സ്ഥാനം രാജിവച്ചു. പാർട്ടി നേതൃത്വം നൽകിയ അനുമതി പ്രകാരമായിരുന്നു രാജി. തന്‍റെ പ്രസംഗത്തെക്കുറിച്ച് ആർക്കെങ്കിലും എന്തെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കിൽ, താൻ വീണ്ടും ഖേദം പ്രകടിപ്പിക്കുമെന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ പ്രസ്താവന അവസാനിപ്പിച്ചത്.