അടിവസ്ത്രമഴിപ്പിച്ച് നീറ്റ് പരീക്ഷയെഴുതിച്ച സംഭവം; കോളജിന് ഉത്തരവാദിത്വം ഇല്ലെന്ന് പ്രിന്‍സിപ്പല്‍

0
164

കൊല്ലം: കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തില്‍ അടിവസ്ത്രമഴിപ്പിച്ച് വിദ്യാര്‍ത്ഥിനികളെ കൊണ്ട് പരീക്ഷയെഴുതിച്ച സംഭവത്തില്‍ പ്രതികരണവുമായി കോളേജ് പ്രിൻസിപ്പൽ. സംഭവത്തിൽ കോളേജിന് വീഴ്ച സംഭവിച്ചിട്ടില്ല. നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തിയ പരീക്ഷയിൽ അവര്‍ക്ക് മാത്രമാണ് ഉത്തരവാദിത്തമുള്ളതെന്ന് പ്രിൻസിപ്പൽ പറഞ്ഞു. “നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന അഖിലേന്ത്യാതല പരീക്ഷയാണിത്. അവർക്ക് ചില നടപടികളുണ്ട്. കോളേജിന് ഈ സംഭവവുമായി യാതൊരു ബന്ധവുമില്ല. പരീക്ഷ നടത്താൻ അവരുടെ ഉദ്യോഗസ്ഥർ ആണ് എത്തിയത്. അവർ മാത്രമാണ് ഇതിന് ഉത്തരവാദികൾ . ഇതുമായി ബന്ധപ്പെട്ട് കോളേജിൻ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ കൂട്ടിച്ചേർത്തു. വിദ്യാർത്ഥിനിയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശൂരനാട് സ്വദേശിയായ വിദ്യാർത്ഥിനിയാണ് കോളേജിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. അടിവസ്ത്രം മാറ്റിച്ചതിന് ശേഷം ആണ്‍കുട്ടികള്‍ക്കൊപ്പം ഇരുത്തിയാണ് പരീക്ഷയെഴുതിച്ചത്. മാനദണ്ഡങ്ങൾ അനുസരിച്ചാണ് നീറ്റ് പരീക്ഷ നടത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. പ്രവേശന കവാടത്തിൽ വസ്ത്രങ്ങൾ പരിശോധിക്കുകയും അടിവസ്ത്രങ്ങൾ അഴിപ്പിക്കുകയുമായിരുന്നു. നടപടി വിദ്യാർത്ഥികളെ മാനസികമായി തളർത്തിയെന്നാണ് പരാതിയിൽ പറയുന്നത്.