സ്വപ്ന കേസ്; രഹസ്യമൊഴി നല്‍കി ഷാജ് കിരണിന്റെ സുഹൃത്ത്

0
151

പാലക്കാട്: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഷാജ് കിരണിന്‍റെ സുഹൃത്ത് ഇബ്രാഹിം രഹസ്യമൊഴി നൽകി. പാലക്കാട് കസബ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്വേഷണ സംഘത്തിന്‍റെ നോട്ടീസ് പ്രകാരം ഇബ്രാഹിം പാലക്കാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് രഹസ്യമൊഴി നൽകിയത്.

ഇബ്രാഹിം ഷാജ് കിരണിനൊപ്പമാണ് കോടതിയിലെത്തിയത്. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയ മാർച്ച് 3 മുതൽ ജൂൺ 8 വരെയുള്ള കാലയളവിനെക്കുറിച്ച് വിശദമായി കോടതിയെ അറിയിച്ചതായി ഇബ്രാഹിം പറഞ്ഞു.

സ്വപ്നയെ സ്വാധീനിക്കാനും മൊഴി മാറ്റാനും ശ്രമിച്ച കേസിൽ ഷാജ് കിരണിനെ പ്രതി ചേർക്കാമെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന് നിയമോപദേശം ലഭിച്ചിരുന്നു. ചോദ്യം ചെയ്യലിൽ ഷാജ് കിരൺ വസ്തുതകൾ മറച്ചുവെക്കാൻ ശ്രമിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.