അമ്മയും കുഞ്ഞും മരിച്ച സംഭവം; പ്രാഥമിക റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് നൽകി

0
134

തിരുവനന്തപുരം : പാലക്കാട് തങ്കം ആശുപത്രിയിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് പാലക്കാട് ഡിഎംഒ ആരോഗ്യമന്ത്രിക്ക് കൈമാറി. അമ്മയ്ക്കും കുഞ്ഞിനും ലഭിച്ച ചികിത്സയെയും പരിചരണത്തെയും കുറിച്ചുള്ള വിവരങ്ങളാണ് നൽകിയത്. കൂടുതൽ പരിശോധനകൾക്ക് ശേഷം വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് പാലക്കാട് ഡിഎംഒ അറിയിച്ചു.

പാലക്കാട് തങ്കം ആശുപത്രിയിലെ ഡോക്ടർമാരുടെ മൊഴി രേഖപ്പെടുത്തി. ആശുപത്രി ജീവനക്കാരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. ചികിത്സാപ്പിഴവ് നടത്തിയെന്ന പരാതിയിലാണ് നടപടി. അമ്മയുടെയും കുഞ്ഞിന്‍റെയും മരണം വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിന പിന്നാലെയാണ് ചികിത്സാ പിഴവ് മൂലം മറ്റൊരു സ്ത്രീ കൂടി മരിച്ചെന്ന് ആരോപിച്ച് പാലക്കാട് തങ്കം ആശുപത്രിക്കെതിരെ മറ്റൊരു പരാതി കൂടി ഉയർന്നത്. കോങ്ങാട് ചെറപ്പറ്റ സ്വദേശി കാർത്തികയാണ് (27) മരിച്ചത്. അനസ്തീഷ്യ നൽകുമ്പോഴുണ്ടായ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കൾ പാലക്കാട് സൗത്ത് പൊലീസിൽ പരാതി നൽകിയിരുന്നു.

അതേസമയം തങ്കം ആശുപത്രിക്കെതിരായ ആരോപണങ്ങൾ ആവർത്തിക്കുകയാണ് ഐശ്വര്യയുടെ കുടുംബം. ഐശ്വര്യയുടെ ആരോഗ്യത്തെക്കുറിച്ച് ആശുപത്രി അധികൃതർ കൃത്യമായ വിവരങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ഐശ്വര്യയുടെ ഭർത്താവ് പറഞ്ഞു. അനുമതി ഫോമുകളിൽ ഒപ്പിടാൻ നിർബന്ധിതനായി. ഗർഭപാത്രം നീക്കം ചെയ്തതായി പോലും അറിയില്ലായിരുന്നു. ആശുപത്രി അധികൃതരോട് ചോദിച്ചപ്പോഴാണ് ഇക്കാര്യം അറിയിച്ചത്. ഗർഭപാത്രം നീക്കിയപ്പോൾ രക്തസ്രാവം നിന്നുവെന്ന് പറഞ്ഞ ഡോക്ടർമാർ, പിന്നെ എങ്ങനെയാണ് മരണ കാരണം രക്തസ്രവം എന്ന് പറയുന്നതെന്നും കുടുംബം ചോദിക്കുന്നു.