നടിയുടെ കേസ്; മെമ്മറി കാർഡ് തുറന്നയാളെ കണ്ടെത്താൻ അന്വേഷണം

0
135

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രധാന തൊണ്ടി മുതലായ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് തുറന്ന ആളെ കണ്ടെത്താനുള്ള അന്വേഷണം 10 പേരിലേക്ക് എത്തി. മെമ്മറി കാർഡ് വിചാരണക്കോടതിയിൽ എത്തിച്ച 2021 ജൂലൈ 19 നു ഉച്ചയ്ക്ക് 12.19 നും 12.54 നും ഇടയിൽ ജിയോ സിം കാർഡുള്ള വിവോ ഫോൺ ഉപയോഗിച്ചിരിക്കാൻ സാധ്യതയുള്ള 10 പേർ നിരീക്ഷണത്തിലാണ്. ഇവരുടെ ഫോൺ കോൾ രേഖകൾ (സിഡിആർ) അന്വേഷണ സംഘം പരിശോധിക്കാൻ തുടങ്ങിയിട്ടുണ്ട്.

മെമ്മറി കാർഡ് 35 മിനിറ്റോളം വിവോ ഫോണിൽ ഉപയോഗിച്ചിട്ടുണ്ട്. ഇത് അബദ്ധത്തിൽ സംഭവിച്ച ഒന്നല്ല. പെൻഡ്രൈവിലേക്കു പകർത്തിയിട്ടുള്ള ദൃശ്യങ്ങളാണു പ്രതിഭാഗത്തെ കാണിക്കാറുള്ളത്. ഇതിലില്ലാത്ത എന്തെങ്കിലും ദൃശ്യങ്ങൾ മെമ്മറി കാർഡിലുണ്ടോയെന്നറിയാനുള്ള ആകാംക്ഷയാവാം കുറ്റകൃത്യത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘം കരുതുന്നത്.  കോടതി ഉദ്യോഗസ്ഥർ, അന്വേഷണ സംഘാംഗങ്ങൾ, അഭിഭാഷകർ, വിചാരണക്കോടതിയിലെ മെമ്മറി കാർഡ് പരിശോധിക്കാൻ സ്വാതന്ത്ര്യം ലഭിച്ച പ്രോസിക്യൂഷൻ സംഘത്തിലെ അംഗങ്ങൾ എന്നിവരിൽ 10 പേരാണ് സംഭവദിവസം കോടതിയിൽ എത്തിയത്.

സിഡിആറിനൊപ്പം കോടതിയിലും പരിസരത്തുമുള്ള നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും ക്രൈംബ്രാഞ്ച് പരിശോധിക്കും. സംഭവത്തിൽ മുൻവിധിയില്ലാതെ അന്വേഷണം നടക്കുന്നതിനാൽ അന്വേഷണ സംഘാംഗങ്ങളുടെ സിഡിആറുകളും പരിശോധിച്ചുവരികയാണെന്ന് ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. ഫോൺ രേഖകളുടെ പരിശോധന പൂർത്തിയായ ശേഷമേ നേരിട്ടുള്ള ചോദ്യം ചെയ്യൽ നടക്കൂ. ദൃശ്യങ്ങൾ പരിശോധിക്കാൻ ഒന്നാം പ്രതിയുടെ അഭിഭാഷകനെ അനുവദിച്ച ദിവസം, മെമ്മറി കാർഡും പെൻഡ്രൈവും അടങ്ങിയ പാക്കറ്റ് ട്രഷറിയിൽ നിന്ന് കോടതിയിൽ കൊണ്ടുവന്നപ്പോൾ സംഭവിച്ചത് സുരക്ഷാ വീഴ്ചയാണ്.