സജി ചെറിയാന്റെ ഒഴിവ്; പുതിയ മന്ത്രി വേണോയെന്ന തീരുമാനം ഇന്നുണ്ടായേക്കും

0
154

സജി ചെറിയാൻ ഒഴിഞ്ഞ ഒഴിവിലേക്ക് പുതിയ മന്ത്രിയെ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ സിപിഐഎം ഇന്ന് തീരുമാനമെടുത്തേക്കും. സജി ചെറിയാന്‍റെ രാജിക്ക് ശേഷമുള്ള സാഹചര്യം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയാകും. എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാട് സിപിഐഎം സ്വീകരിച്ചേക്കും. അദ്ദേഹത്തിന്‍റെ രാജി ആവശ്യം പ്രതിപക്ഷം കടുപ്പിച്ചില്ലെന്നതും അനുകൂലമായാണ് സി.പി.ഐ(എം) കാണുന്നത്. കോടതി കടുത്ത പരാമർശങ്ങൾ നടത്തിയാൽ രാജിവെക്കുന്ന കാര്യം ആലോചിക്കാമെന്നാണ് നേതൃത്വത്തിന്‍റെ നിലപാട്. സജി ചെറിയാന്‍റെ പ്രസംഗം ഇതുവരെ തള്ളിപ്പറയാത്ത സിപിഐഎം യോഗത്തിന് ശേഷം നിലപാട് വ്യക്തമാക്കിയേക്കും.

സജി ചെറിയാനെതിരായ പരാതി രാഷ്ട്രപതി ഗവർണറുടെ പരിഗണനയ്ക്ക് വിട്ടു. ബെന്നി ബെഹനാൻ നൽകിയ പരാതി പ്രസിഡന്‍റ് ഗവർണർക്ക് കൈമാറി. കാബിനറ്റ് സെക്രട്ടറി മുഖേനയാണ് നടപടി. പരാതി പരിശോധിച്ച് ഉടനടി ഉചിതമായ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അപമാനിച്ചുവെന്നാണ് എഫ്ഐആറിൽ പറയുന്നത്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസ്. സജി ചെറിയാനെതിരെ മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്.