വിമാനത്തിലെ പ്രതിഷേധം; ഇ.പിക്കെതിരെ കേസെടുക്കില്ലെന്ന് മുഖ്യമന്ത്രി

0
121

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തള്ളിയിട്ട സംഭവത്തിൽ ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജനെതിരെ കേസെടുത്തിട്ടില്ല. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ രേഖാമൂലം നിയമസഭയെ അറിയിച്ചു. ഇ.പി ജയരാജനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കേസ് രജിസ്റ്റർ ചെയ്യാത്തത്. ജയരാജൻ മർദ്ദിച്ചെന്ന പരാതി യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കുറ്റകൃത്യം ലഘൂകരിക്കാനാണെന്നുമാണ് വിശദീകരണം.

യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആക്രമിച്ചപ്പോൾ ഇ.പി ജയരാജൻ തടയാൻ ശ്രമിച്ചു. സംഭവം മർദ്ദനമാണെന്ന് ആരോപിച്ച് രണ്ട് പേർ ജയരാജനെതിരെ ഇ-മെയിൽ പരാതി നൽകി. മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കകയാണ്. കേസിലെ ഒന്നും രണ്ടും പ്രതികൾ ഇ.പി.ജയരാജൻ തന്നെ മർദ്ദിച്ചെന്ന ആരോപണം കോടതിയിലോ പൊലീസിലോ ഉന്നയിച്ചിട്ടില്ല. ഇ.പി ജയരാജനെതിരെ പരാതി നൽകിയത് പ്രതികൾ ചെയ്ത കുറ്റകൃത്യത്തിന്‍റെ ഗൗരവം കുറയ്ക്കാനാണെന്ന് ബോധ്യപ്പെട്ടതിനാൽ പ്രത്യേകം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരായ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തിനുള്ളിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചിരുന്നു. ‘മുഖ്യമന്ത്രി രാജിവയ്ക്കുക’ എന്ന മുദ്രാവാക്യവുമായി കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ് യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി ആർ.കെ.നവീൻകുമാർ, മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റ് ഫർസീൻ മജീദ് എന്നിവർ പ്രതിഷേധിച്ചത്. ഇ പി ജയരാജൻ അവരെ സീറ്റുകൾക്കിടയിൽ തള്ളിയിട്ടതും വിവാദമായിരുന്നു.