നീറ്റ് പരീക്ഷയ്ക്കെത്തിയവരുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു

0
218

കൊല്ലം: നീറ്റ് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ശൂരനാട് സ്വദേശിയായ പെൺകുട്ടിയുടെ പിതാവിന്‍റെ പരാതിയിൽ ശാരീരിക പരിശോധന ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഉദ്യോഗസ്ഥർക്കെതിരെയാണ് കേസെടുത്തത്. ഇതേ സെന്‍ററിൽ പരീക്ഷയെഴുതിയ മറ്റൊരു വിദ്യാർത്ഥിനിയും പരാതി നൽകി. സ്ത്രീത്വത്തെ അപമാനിക്കുന്നതുൾപ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ആയൂർ മാർത്തോമ്മ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് ടെക്നോളജിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥികൾക്കാണ് ദുരനുഭവമുണ്ടായത്.

പരീക്ഷാ കേന്ദ്രത്തിന്‍റെ പ്രവേശന കേന്ദ്രത്തിൽ വസ്ത്രങ്ങൾ പരിശോധിക്കുകയും അടിവസ്ത്രങ്ങൾ നീക്കം ചെയ്യിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. പരിശോധനയിൽ തുണിയിൽ ഒരു ലോഹ വസ്തുവിന്‍റെ സാന്നിധ്യം കണ്ടെത്തി. പരിശോധന നടത്തിയവരുടെ നിർബന്ധത്തെ തുടർന്ന് അടിവസ്ത്രം ഉപേക്ഷിച്ച് പെൺകുട്ടി ഹാളിൽ പ്രവേശിച്ചു. സ്വന്തം ഭാവിയാണോ അടിവസ്ത്രമാണോ വലുത് എന്ന ഉദ്യോഗസ്ഥയുടെ ചോദ്യത്തിന് മുന്നിൽ അപമാനിതയായ കുട്ടിക്ക് മാനസിക സമ്മർദ്ദം കാരണം നന്നായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും പരാതിയിൽ പറയുന്നു.

ശൂരനാട് സ്വദേശിയായ രക്ഷിതാവ് റൂറൽ എസ്.പിക്ക് നൽകിയ പരാതിയിൽ ഇത്തരം നീക്കങ്ങൾ പെൺകുട്ടിയെ മാനസികമായി തളർത്തിയെന്നും വിദ്യാർത്ഥികളുടെ വസ്ത്രങ്ങൾ സൂക്ഷിക്കാൻ രണ്ട് മുറികൾ ഏർപ്പാടാക്കിയിരുന്നെന്നും ആരോപിച്ചു. അതേസമയം, ശരിയായ മാനദണ്ഡമനുസരിച്ചാണ് നീറ്റ് പരീക്ഷ നടത്തിയതെന്നാണ് എതിർവാദം. ശരീരത്തിൽ ലോഹ വസ്തുക്കൾ അടങ്ങിയ യാതൊന്നും ഉണ്ടാകാൻ പാടില്ലെന്നാണ് ചട്ടമെന്ന് പരീക്ഷയുടെ ചുമതലയുള്ളവർ പറയുന്നു.