പ്ലസ് വണ്‍ പ്രവേശനം; അണ്‍ എയ്ഡഡ് സ്‌കൂളിലും മെറിറ്റും സംവരണവും ഉണ്ടാകും

0
129

ഹരിപ്പാട്: അണ്‍ എയ്ഡഡ് സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലുമുള്ള പ്ലസ് വണ്‍ സീറ്റുകളിലും സംവരണവും മെറിറ്റും ഏര്‍പ്പെടുത്തി. മെറിറ്റിന് 40 ശതമാനവും പട്ടികജാതിക്കാർക്ക് 12 ശതമാനവും പട്ടികവർഗ വിദ്യാർത്ഥികൾക്ക് 8 ശതമാനവും സംവരണം ഉണ്ടാകും. ശേഷിക്കുന്ന 40 ശതമാനം സീറ്റുകൾ മാനേജ്മെന്‍റ് ക്വാട്ടയിൽ ഉൾപ്പെടുത്താം.

എസ്.സി, എസ്.ടി വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷകരില്ലെങ്കിൽ അവരെ ജനറൽ വിഭാഗത്തിലേക്ക് മാറ്റി മെറിറ്റിൽ പ്രവേശിപ്പിക്കാം. ഹയർ സെക്കൻഡറി പ്രവേശനത്തിനുള്ള പ്രോസ്പെക്ടസിൽ വ്യക്തമാക്കിയ തീയതികളിൽ മാത്രമേ സ്കൂൾ തലത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാവൂ. ഓരോ അപേക്ഷകനും ലഭിക്കുന്ന ഗ്രേഡ് പോയിന്‍റുകൾ ഉൾപ്പെടെ എല്ലാ വിശദാംശങ്ങളും പ്രസിദ്ധീകരിക്കണം.

അൺ എയ്ഡഡ് ക്വാട്ട പ്രകാരമുള്ള പ്രവേശനത്തിന്‍റെ പ്രധാന ഘട്ടം ഓഗസ്റ്റ് നാലിന് ആരംഭിച്ച് ഓഗസ്റ്റ് 16നകം പൂർത്തിയാക്കണമെന്നാണ് ഹയർ സെക്കൻഡറി വകുപ്പിന്‍റെ നിർദേശം. കഴിഞ്ഞ വർഷം വരെ ഇത്തരം ബാച്ചുകളിലെ എല്ലാ സീറ്റുകളും മാനേജ്മെന്‍റുകൾ സ്വന്തം നിലയ്ക്കാണ് അനുവദിച്ചിരുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ മെറിറ്റും സംവരണവുമാണ് പ്രവേശനത്തിനുള്ള മാനദണ്ഡം. എന്നാല്‍, അണ്‍ എയ്ഡഡ് സ്‌കൂളുകളിലെയും എയ്ഡഡ് സ്‌കൂളുകളിലെ അണ്‍ എയ്ഡഡ് വിഭാഗത്തിലും ഇത് ബാധകമല്ലായിരുന്നു