നീറ്റ് എഴുതാനെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിപ്പിച്ച് പരിശോധന; പരാതി നൽകി

0
195

കൊല്ലം: നീറ്റ് പരീക്ഷ എഴുതാൻ എത്തിയ വിദ്യാർത്ഥിനിയെ പരീക്ഷയ്ക്ക് മുമ്പ് അടിവസ്ത്രം അഴിപ്പിച്ച് പരിശോധന നടത്തിയതായി പരാതി. കൊല്ലം ആയൂരിലെ പരീക്ഷാ കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ ശൂരനാട് സ്വദേശിനി റൂറൽ എസ്പിക്ക് പരാതി നൽകി. പരീക്ഷ എഴുതിയ മിക്ക വിദ്യാർത്ഥികൾക്കും സമാനമായ അനുഭവം ഉണ്ടായതായി രക്ഷിതാവ് ആരോപിച്ചു. പരീക്ഷയെഴുതാനായി സെന്‍ററിന്‍റെ ഗേറ്റിൽ കയറിയപ്പോൾ ഒരു വനിതാ ഓഫീസർ കുട്ടിയെ തടഞ്ഞുനിർത്തി സ്കാനർ ഉപയോഗിച്ച് പരിശോധിച്ചു. എല്ലാ അടിവസ്ത്രങ്ങളും അഴിക്കാൻ അവർ വിദ്യാർത്ഥിനിയോട് ആവശ്യപ്പെട്ടു.

കുട്ടിക്ക് മാനസികമായി സഹിക്കാൻ കഴിയുന്നില്ലെന്നും കരഞ്ഞുവെന്നും തുടര്‍ന്ന് ഉദ്യോഗസ്ഥ മോശമായിസംസാരിക്കുകയായിരുന്നുവെന്നും 18കാരിയുടെ മാതാപിതാക്കൾ പറഞ്ഞു. കരയുന്നത് കണ്ട് മറ്റൊരു ഉദ്യോഗസ്ഥൻ വന്ന് കാര്യം അന്വേഷിച്ചു. കുട്ടിയുടെ അമ്മയുടെ ഫോൺ നമ്പർ വാങ്ങി മാതാപിതാക്കളോട് ഗേറ്റിൽ വരാൻ ആവശ്യപ്പെടുകയും ഷാൾ ആവശ്യപ്പെടുകയും തുടർന്ന് ഷാൾ അമ്മയ്ക്ക് നൽകുകയും ചെയ്തു.

പിന്നീടാണ് മിക്ക വിദ്യാർത്ഥികൾക്കും ഇതേ അനുഭവം ഉണ്ടായതായി അറിഞ്ഞതെന്ന് രക്ഷിതാവ് പറഞ്ഞു. നീറ്റ് പരീക്ഷ എഴുതുന്ന വിദ്യാർത്ഥികൾ ലോഹ വസ്തുക്കൾ ഉപയോഗിക്കരുതെന്ന് കർശന നിർദ്ദേശമുണ്ട്. അതുകൊണ്ടാണ് സ്കാനർ ഉപയോഗിച്ച് പരിശോധന നടത്തുന്നത്. സംഭവം കാരണം കുട്ടിക്ക് ശരിയായി പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെന്നും അറിയാവുന്ന ഉത്തരങ്ങൾ പോലും എഴുതാൻ കഴിഞ്ഞില്ലെന്നും രക്ഷിതാവ് പറഞ്ഞു.