മങ്കിപോക്സ്: വാര്‍ത്താ സമ്മേളനത്തിന്റെ വാർത്ത നല്‍കരുതെന്ന വിചിത്ര നിർദേശവുമായി പിആര്‍ഡി

0
160

കൊല്ലം: മങ്കിപോക്സുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലാ കളക്ടർ അഫ്‌സാന പർവീൺ നടത്തിയ വാർത്താസമ്മേളനം മാധ്യമങ്ങൾക്ക് നൽകരുതെന്ന് പി.ആർ.ഡിയുടെ വിചിത്രമായ നിർദ്ദേശം. കളക്ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് പി.ആർ.ഡിയുടെ നിർദ്ദേശം. മങ്കിപോക്സ് ബാധിച്ച രോഗിയുടെ വിശദാംശങ്ങൾ അറിയിക്കുന്നതിൽ എൻ.എസ് സഹകരണ ആശുപത്രി വീഴ്ച പറ്റിയെന്ന് കളക്ടർ പറഞ്ഞു. എന്നാൽ ഇത് നിഷേധിച്ച് ആശുപത്രി രംഗത്തെത്തിയതോടെ വാർത്താസമ്മേളനം വാർത്തയാക്കരുതെന്ന് പി.ആർ.ഡി നിർദ്ദേശം നൽകി.

രോഗി ചികിത്സ തേടിയപ്പോൾ തന്നെ മങ്കിപോക്സ് സംശയിച്ച് ഡെപ്യൂട്ടി ഡിഎംഒയെ വിവരം അറിയിക്കുകയായിരുന്നുവെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. അതേസമയം, മങ്കിപോക്സ് ബാധിച്ചയാളുടെ വിമാന സഹയാത്രികർ ഉള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം അഞ്ച് ജില്ലകളിൽ ആരോഗ്യവകുപ്പ് പ്രത്യേക ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. 12ന് യുഎഇ സമയം വൈകിട്ട് 5 മണിക്ക് പുറപ്പെട്ട ഷാർജയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള 6ഇ 1402 വിമാനത്തിലാണ് രോഗം ബാധിച്ചയാൾ എത്തിയത്. എല്ലാ യാത്രക്കാരും സ്വയം നിരീക്ഷിക്കണം.

രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ അറിയിക്കണം. സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്തെത്തും. മങ്കിപോക്സ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ അന്താരാഷ്ട്ര യാത്രക്കാർക്കായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. രോഗികളുമായുള്ള അടുത്ത സമ്പർക്കം ഒഴിവാക്കണമെന്നും എലികൾ, അണ്ണാൻ, കുരങ്ങുകൾ തുടങ്ങിയ മൃഗങ്ങളെ ജീവനോടെയാണെങ്കിലും ഇല്ലെങ്കിലും സ്പർശിക്കരുതെന്നും മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നു.