എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു

0
117

മണ്ണാർക്കാട്: ആദിവാസി ഭൂമി തട്ടിപ്പ് കേസിൽ അറസ്റ്റിലായ എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണന് ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി കോടതി ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കണമെന്നും രണ്ട് മാസത്തേക്ക് അട്ടപ്പാടിയിൽ പ്രവേശിക്കരുതെന്നും വ്യവസ്ഥയിൽ പറയുന്നു.

ഒരു ലക്ഷം രൂപ കെട്ടിവയ്ക്കണമെന്നും രണ്ട് പേർ ജാമ്യത്തിൽ നിൽക്കണമെന്നും വ്യവസ്ഥയുണ്ട്. എല്ലാ ശനിയാഴ്ചയും ഷോളയാർ പൊലീസ് സ്റ്റേഷനിൽ വന്ന് ഒപ്പിടാനും കോടതി നിർദ്ദേശിച്ചു. വനവാസികളെ ആക്രമിച്ചതിനും അവരുടെ ഭൂമി കൈയേറിയതിനുമാണ് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനെതിരെ പൊലീസ് കേസെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തത്.

ഷോളയാർ വട്ടലക്കിയിൽ താമസിക്കുന്ന വനവാസികളെ കയ്യേറ്റം ചെയ്ത് ഭൂമി തട്ടിയെടുത്തുവെന്നാണ് കേസ്. ഒരു വർഷം മുമ്പ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. വിദേശത്തായിരുന്ന അജി കൃഷ്ണൻ അട്ടപ്പാടിയിൽ തിരിച്ചെത്തിയതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റിലായത്.