‘ഉന്നതതല ഗൂഢാലോചന’: ശബരീനാഥിന്റെ അറസ്റ്റിനെതിരെ കോൺഗ്രസ്

0
126

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റും മുൻ എംഎൽഎയുമായ കെഎസ് ശബരീനാഥനെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ ഉന്നതതല ഗൂഢാലോചനയുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. ജാമ്യാപേക്ഷ പരിഗണിക്കവെ കോടതിയെ കബളിപ്പിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സാക്ഷിയായി വിളിച്ചുവരുത്തിയ ആളെ ചോദ്യം ചെയ്യൽ പോലും നടത്താതെയാണ് അറസ്റ്റ് ചെയ്തതെന്ന് നേതാക്കൾ ആരോപിച്ചു.

അധികാരവും പോലീസും ഉള്ളതുകൊണ്ട് എന്തും ചെയ്യാമെന്നുള്ള ധാർഷ്ട്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ശബരിയുടെ അറസ്റ്റ് വ്യാജമാണെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. മുഖ്യമന്ത്രി ഭീരുവാണ്. കരിങ്കൊടിയെ പോലും മുഖ്യമന്ത്രി ഭയക്കുന്നുവെന്നും ഷാഫി മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാരും പൊലീസും എൽ.ഡി.എഫ് കൺവീനറും ചേർന്ന് ശബരീനാഥിനെതിരെ ഗൂഢാലോചന നടത്തിയെന്ന് ഹൈബി ഈഡൻ എം.പി പറഞ്ഞു. വിമാനത്തിനുള്ളിൽ വച്ച് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജയരാജൻ തള്ളിയിടുന്നത് വീഡിയോയിൽ വ്യക്തമായി കാണാം. അതിനാൽ എൽഡിഎഫ് കൺവീനർക്കെതിരെ കേസെടുക്കണം. ശബരീനാഥന്‍റെ അറസ്റ്റിനെതിരായ സമരവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം നടത്തേണ്ടത് യൂത്ത് കോൺഗ്രസ് പ്രസിഡന്‍റാണെന്നും അദ്ദേഹം പറഞ്ഞു.